കോഴിക്കോട് – വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ എന്ന ഒരു വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്.
പക്ഷികളിൽനിന്ന് കൊതുകുകൾ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകുജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടേണ്ടതാണ്.
ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളതെങ്കിലും ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ലെന്നാണ് പറയുന്നത്. എങ്കിലും നല്ല ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണമെന്നും ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group