കോഴിക്കോട്: ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച എം പോക്‌സ് (Mpox) രോഗത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ കേസ് കേരളത്തിൽ റിപോർട്ട് ചെയ്തിരിക്കുകയാണ്. ആഫ്രിക്കയിൽ പടർന്നുപിടിച്ച എംപോക്‌സ് രോഗവും അതിന്റെ ഗുരുതരമായ വകഭേദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ രോഗം നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നത്.
പൊതുവെ അപകടകാരിയല്ലെങ്കിലും ചില ഘട്ടങ്ങളിൽ ജീവന് തന്നെ ആപത്താണീ രോഗം. രോഗബാധിതനായ യുവാവിനുള്ള ചികിത്സ വളരെ മികച്ച രീതിയിൽ തന്നെ നമ്മുടെ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പ്രത്യേക ജാഗ്രത ഇക്കാര്യത്തിൽ ഓരോരുത്തർക്കും ഉണ്ടാവേണ്ടതുണ്ട്.
അടുത്ത സമ്പർക്കത്തിലൂടെയാണ് പൊതുവെ എം പോക്‌സ് പകരുന്നത്. ക്ലേഡ് 1, ക്ലേഡ് 2 എന്നീ വകഭേദങ്ങളാണ് ഇതിന് പ്രധാനമായും ഉള്ളത്. ക്ലേഡ് 1 ആണ് ഇതിൽ ഗുരുതരമായ വകഭേദം. ഫഌവിന് സമാനമായ ലക്ഷണങ്ങളും ത്വക്കിൽ പഴുപ്പ് നിറഞ്ഞ മുറിവുകളും ഈ രോഗം ബാധിച്ചവരിൽ കാണപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
എന്താണ് എം പോക്‌സ് രോഗം?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്‌സ്. നേരത്തെ മങ്കിപോക്‌സ് എന്ന പേരിലായിരുന്നു ഈ വൈറസ് വ്യാപനം അറിയപ്പെട്ടിരുന്നത്. 1970-ൽ കോംഗോയിൽ ഒൻപത് വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയത്.
വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ ഉയർന്നതോടെ ലോകാരോഗ്യസംഘടന ഇതിന്റെ പേരുമാറ്റി എം പോക്‌സ് എന്ന് വിളിക്കുകയായിരുന്നു. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം കൂടുതലായി കാണുന്നത്. വസൂരിയുടെ ലക്ഷണങ്ങളുമായി എം പോക്‌സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ടെന്ന് വിദഗ്ധർ പറയുന്നു.
പകർച്ചയും ലക്ഷണങ്ങളും
വിവിധ ഇനം കുരങ്ങുകൾ, എലികൾ, അണ്ണാൻ എന്നിവയുൾപ്പെടെയുള്ളവയിൽനിന്ന് എം പോക്‌സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എംപോക്‌സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. അടുത്ത സമ്പർക്കത്തിലൂടെയും എംപോക്‌സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും.
പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടാൻ മറക്കരുത്.