ജിദ്ദ: സൗദിയിൽ കാൽനടയാത്രക്കാർ ഹൈവേകൾ മുറികടക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വീണ്ടും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മലയാളികളടക്കം നിരവധി പേർക്ക് ഇത്തരത്തിൽ റോഡ് കാൽനടയായി മുറിച്ചു കടന്നപ്പോൾ പിഴ ലഭിച്ചിരുന്നു. സൗദിയിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ റോഡുകൾ മുറിച്ചുകടക്കുന്നതിനുള്ള പിഴകൾ 2020-ൽ അംഗീകരിച്ചതാണ്. ഇത് ഈയിടെയാണ് കർശനമായി നടപ്പാക്കാൻ തുടങ്ങിയത്.
നിയമ വിരുദ്ധമായി റോഡുകൾ മുറിച്ചുകടക്കുന്ന പ്രവണത വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്ന കാര്യം ട്രാഫിക് ഡയറക്ടറേറ്റ് വീണ്ടും ഉണർത്തിയത്. ഹൈവേകളല്ലാത്ത റോഡുകളിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ ക്രോസ് ചെയ്യൽ, സിഗ്‌നലുകളിൽ റോഡ് മുറിച്ചുകടക്കുമ്പോൾ പെഡസ്ട്രിയൻ സിഗ്‌നൽ പാലിക്കാതിരിക്കൽ, റോഡ് മുറിച്ചുകടക്കുമ്പോൾ എമർജൻസി വാഹനങ്ങൾക്കുള്ള ട്രാക്കുകൾക്ക് മുൻഗണന നൽകാതിരിക്കൽ എന്നിവയും നിയമ ലംഘനങ്ങളാണ്. ഇതിന് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ലഭിക്കും.

കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമം അനുസരിച്ച് നിശ്ചിത സമയത്ത് ട്രാഫിക് പിഴകൾ അടക്കുന്നവർക്ക് പിഴ തുകയിൽ 25 ശതമാനം ഇളവ് ലഭിക്കും. ഹൈവേകളും പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ മറ്റു റോഡുകളും മുറിച്ചുകടക്കുന്നത് ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്നും ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും വാഹനാപകട സാധ്യത വർധിപ്പിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വിശദീകരിച്ചു. ഹൈവേകൾ മുറിച്ചുകടക്കാൻ കാൽനട യാത്രക്കാർക്കുള്ള പാലങ്ങൾ ഉപയോഗിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.