ന്യൂഡല്‍ഹി: വിവാദ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേട്ട ആദ്യ ദിവസം സുപ്രീം കോടതി ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. കോടതികള്‍ വഖഫ് ആണെന്ന് പ്രഖ്യാപിച്ച വഖ്ഫുകളെ ഡി-നോട്ടിഫൈ ചെയത് വഖഫ് അല്ലാതാക്കാന്‍ പാടില്ലെന്നതാണ് സുപ്രീം കോടതിയുടെ പ്രധാന നിര്‍ദേശം. വഖഫ് സ്വത്തിനു മേല്‍ അവകാശവാദം ഉയര്‍ന്നാല്‍ അത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് കലക്ടറുടെ അന്വേഷണം നടക്കുമ്പോള്‍ ആ ഭൂമിയെ വഖഫ് ആയി പരിഗണിക്കരുതെന്ന പുതിയ നിയമത്തിലെ വകുപ്പ് നടപ്പാക്കരുത്. വഖഫ് ബോര്‍ഡുകളിലേയും കേന്ദ്ര വഖഫ് കൗണ്‍സിലിലേയും എല്ലാം അംഗങ്ങളും മുസ്ലിംകള്‍ ആയിരിക്കണം. അതേസമയം എക്‌സ്-ഒഫിഷ്യോ അംഗങ്ങളായി മുസ്ലിം അല്ലാത്തവരെ ഉള്‍പ്പെടുത്താം. ഈ പ്രധാന നിര്‍ദേശങ്ങളാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ. വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നോട്ടുവച്ചത്.
ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഇടക്കാല ഉത്തരവിലേക്ക് കോടതി നീങ്ങിയെങ്കിലും നാളെ കൂടി വാദം കേട്ട ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രണ്ടു മണിക്ക് കേസ് പരിണിക്കും. ചീഫ് ജസ്റ്റിസ് ഇടക്കാല ഉത്തരവിറക്കാന്‍ ഒരുങ്ങിയെങ്കിലും അതിനു മുമ്പ് വാദം കേള്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്തയുടെ ശക്തമായ ആവശ്യം പരിഗണിച്ചാണ് കേസ് നാളെക്കു മാറ്റിയത്.
ഇന്ന് രണ്ട് മണിക്കൂര്‍ സമയമാണ് കോടതി വാദം കേട്ടത്. പുതിയ വഖഫ് നിയമവുമായി ബന്ധപ്പെട്ട ചില ആശങ്കകളാണ് പ്രധാനമായും കോടതി ഇന്ന് ഉന്നയിച്ചത്. ഉപയോഗത്തിലൂടെ വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട എല്ലാ വഖഫ് ഭൂമികളും വഖഫ് അല്ലാതായി മാറുമോ? നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇത്തരം വഖഫ് സ്വത്തുക്കളെ എങ്ങനെ രജിസ്റ്റര്‍ ചെയ്യുമെന്ന് ദല്‍ഹി ജുമാമസ്ജിദ് ഉദാഹരമായി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ചോദിച്ചു. സര്‍ക്കാര്‍ ഭൂമിയാണോ എന്ന് ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ വഖഫ് ഭൂമിയെ സര്‍ക്കാര്‍ ഭൂമിയായി പരിഗണിക്കുന്നത് ന്യായമാണോ എന്നും കോടതി ചോദിച്ചു. വഖഫ് ആയി പ്രഖ്യാപിച്ച കോടതി ഉത്തരവുകളെ എങ്ങനെ പുതിയ നിയമത്തിലെ സെക്ഷന്‍ 2എ മറികടക്കും? പുതിയ നിയമത്തിനു സേഷവും വഖഫ് ബോര്‍ഡുകളിലേയും കേന്ദ്ര വഖഫ് കൗണ്‍സിലിലേയും ഭൂരിപക്ഷ അംഗങ്ങളും മുസ്ലിംകള്‍ തന്നെ ആയിരിക്കുമോ? എന്നീ ആശങ്കകളാണ് കോടതി ഉന്നയിച്ചത്. 1995ലെ വഖഫ് നിയമത്തിനെതിരെ ഹൈക്കോടതികളിലുള്ള ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റി ഒന്നിച്ചു പരിഗണിക്കുന്ന കാര്യവും കോടതി ഉന്നയിച്ചു.