മലപ്പുറം: പിണറായി സർക്കാറിനെയും പോലീസിനെയും പ്രതിരോധത്തിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്കു പിന്നാലെ തോക്ക് ലൈസൻസിന് അപേക്ഷിച്ച് നിലമ്പൂരിലെ ഇടത് എം.എൽ.എ പി.വി അൻവർ. എ.ഡി.ജി.പി എം.ആർ അജിത്കുമാർ ഉൾപ്പെടെയുള്ള പോലീസിലെ ഉന്നതർക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ തൊടുത്തതിന് ശേഷമാണ് പോലീസിന് തന്നോട് പകയും വിരോധവുമുണ്ടെന്നും ജീവൻ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും തോക്ക് ലൈസൻസ് വേണമെന്നും ആവശ്യപ്പെട്ട് എം.എൽ.എ മലപ്പുറം ജില്ലാ കലക്ടറെ സമീപിച്ചത്.
കലക്ടറുടെ ഓഫീസിലെത്തിയാണ് തോക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയത്. അതിനിടെ, പോലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് ഞാൻ മാനേജ് ചെയ്‌തോളാം എന്നായിരുന്നു മറുപടി.
പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരായ തന്റെ വെളിപ്പെടുത്തൽ അവർക്കിടയിൽ പകയും വിരോധവും ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും എം.എൽ.എ അപേക്ഷയിൽ കുറിച്ചിട്ടുണ്ട്.
എ.ഡി.ജി.പിക്കെതിരേ ഇന്നും ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. പ്രമാദമായ സോളാർ കേസ് അട്ടിമറിച്ചത് അജിത് കുമാറാണെന്നു പറഞ്ഞ് അതിന്റെ ശബ്ദരേഖയും പുറത്തുവിടുകയുണ്ടായി. അജിത്ത്കുമാർ കവടിയാർ കൊട്ടാരത്തിനടുത്ത് 12,000 ചതുരശ്ര അടിയിൽ ആഡംബരവീട് പണിയുന്നതായും, മലപ്പുറം ജില്ലയിലെ എടവണ്ണ റിദാൻ കൊലപാതക കേസിൽ നിരപരാധിയെ കുടുക്കിയെന്നും ചൂണ്ടിക്കാട്ടി. ദുബൈ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിൽ അജിത്കുമാർ കണ്ണിയാണെന്നും അൻവർ ആരോപിച്ചിട്ടുണ്ട്.
ഒന്നാം ഘട്ട വെളിപ്പെടുത്തൽ തൽക്കാലം നിർത്തുകയാണെന്നു പറഞ്ഞ എം.എൽ.എ, നാളെ മുഖ്യമന്ത്രിയെ കണ്ട് പരാതിയും തെളിവും നേരിട്ടു നൽകുമെന്നും അറിയിച്ചു. അൻവറിന്റെ ആരോപണങ്ങളിൽ ഇതിനകം തന്നെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.