തിരുവനന്തപുരം- ”കണ്ണേ കരളേ വിഎസേ.. ജീവിക്കുന്നു ഞങ്ങളിലൂടെ…” അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തിയ ആയിരങ്ങള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചുകൊണ്ടേയിരുന്നു. പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലന്‍സ് പതുക്കെ നീങ്ങി. ഇന്നലെ രാത്രി എകെജി സെന്ററിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 5 വര്‍ഷമായി മകനും കുടുംബത്തോടുമൊപ്പം തിരുവനന്തപുരം, ബാര്‍ട്ടണ്‍ഹില്ലിലേ വീട്ടിലായിരുന്നു വി.എസ് അച്യുതാനന്ദന്‍ താമസിച്ചിരുന്നത്. ഈ വീട്ടിലേക്കാണ് വിഎസിന്റെ ഭൗതികശരീരം എത്തിച്ചത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരം ഇന്ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ഇന്നലെ രാത്രി വിഎസിന്റെ വീട്ടിലെത്തി.
തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദന്‍ വിടപറഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോവുക. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച കാലത്ത് 11 മണി മുതലാണ് പൊതുദര്‍ശനം. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര യോഗം ചേര്‍ന്നു. പി പി ചിത്തരഞ്ജന്‍ എംഎല്‍എ യോഗത്തില്‍ സന്നിഹിതനായി. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും.
ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം. പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ബീച്ചില്‍ നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള വാഹനപാര്‍ക്കിങ്ങിന് ബീച്ചിലെ മേല്‍പ്പാലത്തിന് അടിവശമാണ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും സുരക്ഷയ്ക്കായി ആവശ്യമുള്ള പൊലീസിനെ വിന്യസിക്കുമെന്നും ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. എഡിഎം ആശ സി എബ്രഹാം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആലോചനാ യോഗത്തില്‍ പങ്കെടുത്തു.
വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി ബാധകമാണ്. കൂടാതെ ദു:ഖാചരണ ദിനങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.