മലപ്പുറം: മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സിപിഎം പാര്‍ട്ടിയിലെ ഇഷ്ടക്കാരിലൊരാളി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന കാര്യവും അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങളും ഓര്‍ത്തെടുത്ത് മുന്‍ സിപിഎം സഹയാത്രികനും മുന്‍മന്ത്രിയും ഇപ്പോഴത്തെ ലീഗ് നേതാവുമായ മഞ്ഞളാംകുഴി അലി എംഎല്‍എ. സിപിഎം ബന്ധം മതിയാക്കുകയാണെന്നും പലതും സഹിക്കുന്നില്ലെന്നും വിഎസിനെ അറിയിച്ചപ്പോള്‍ അദ്ദേഹം വിലക്കിയില്ലെന്നും മഞ്ഞളാംകുഴി അലി വ്യക്തമാക്കി. കടുത്ത വിഎസ് പക്ഷക്കാരന്‍ എന്ന ഖ്യാതിയുണ്ടാക്കാനിടയായത് അദ്ദേഹവുമായുള്ള അടുപ്പം മാത്രമാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.
”പാര്‍ട്ടിക്കാര്‍ക്കിടയില്‍ താങ്കളൊരു വിഎസ് പക്ഷക്കാരനാണെന്ന് വിഎസിന് അറിയാമായിരുന്നോ?’ മലപ്പുറം ജില്ലയിലെ വിഎസിന്റെ അടുത്തയാള്‍ എന്ന് ഖ്യാതിയുണ്ടായിരുന്ന കാലത്ത് ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് എന്നോട് ചോദിച്ചതാണിത്. അതൊരു കൗതുകമുള്ള ചോദ്യമായിരുന്നു. സഖാവുമായി സിപിഎമ്മിലെ അകത്തെ രാഷ്ട്രീയം ഒട്ടും സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതിരുന്ന കാലത്താണ് നേതാക്കള്‍ക്കും അതുവഴി അണികള്‍ക്കുമിടയില്‍ ഞാന്‍ കടുത്ത ‘വിഎസ് പക്ഷക്കാരനാ’യത്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഇടമില്ലായിരുന്നുവെന്ന് ബോധ്യപ്പെടാത്തവര്‍ രൂപപ്പെടുത്തിയ കഥയായിരുന്നു അത്. വിഎസ് പക്ഷമെന്ന പേരു പ്രചരിക്കാന്‍ അദ്ദേഹവുമായുള്ള അടുപ്പം വഴിയൊരുക്കിയെന്നതും ശരിതന്നെയാണ്. 2001 ല്‍ മങ്കടയില്‍ മല്‍സരിക്കുമ്പോള്‍ പ്രചരണത്തിനായി അദ്ദേഹം വന്നിരുന്നു. എന്നാല്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ആ വേദി അദ്ദേഹവുമായി പങ്കിടാന്‍ കഴിഞ്ഞിരുന്നില്ല. എംഎല്‍എ ആയശേഷം എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സ്വയം പരിചയപ്പെടുത്തുന്ന സമയം. ഡോ. തോമസ് ഐസക്ക് എന്റെ പേരുവിളിച്ചു. ഉടന്‍ സമീപത്തുണ്ടായിരുന്ന വിഎസിന്റെ കമന്റ്. ‘താങ്കളെ തിരഞ്ഞ് താങ്കളുടെ നാട്ടില്‍ വന്നിട്ടും കാണാനായില്ല മിസ്റ്റര്‍ അലി’. അതാണ് വിഎസിന്റെ ആദ്യത്തെ വര്‍ത്തമാനം. വാക്കുകളിലെ മൂര്‍ച്ഛയും ഗൗരവവും പറഞ്ഞുകേട്ട തെറ്റിദ്ധാരണകളും ചേര്‍ത്ത് അകലെ നില്‍ക്കാനാണ് അന്ന് ശ്രമിച്ചത്.
സിപിഎമ്മിന്റെ മങ്കട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിഎസിനെ കൊണ്ടുവരണമെന്ന രാജേന്ദ്രന്‍മാഷിന്റെ ആവശ്യവുമായാണ് ആദ്യം അദ്ദേഹത്തിന്റെ മുന്നില്‍പോയത്. വരാമെന്നേറ്റു, വന്നു. ‘വിഎസിനെ ആവശ്യമുണ്ടെങ്കി അലിയോട് പറഞ്ഞാമതിയല്ലോ’ എന്ന് അന്ന് ജില്ലാസെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ട്യാക്ക പറഞ്ഞതും ഓര്‍ക്കുന്നു. പിന്നീടങ്ങോട്ട് വിഎസുമായി അടുപ്പമുണ്ടായി. നിലപാടുകളിലെ സത്യസന്ധത മനസ്സിലായിത്തുടങ്ങിയെന്നതാണ് സത്യം. മലപ്പുറത്ത് എവിടെ പരിപാടികള്‍ക്കുവന്നാലും വീട്ടില്‍ വരുകയും താമസിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായി. ആ ബന്ധമാണ് മലപ്പുറം സമ്മേളനത്തിലെ വിഭാഗീയതയിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കാന്‍ കാരണമായത്. അന്ന് വിഎസിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി വീട്ടിലെത്തിയിരുന്ന നേതാക്കള്‍ പലരും സമ്മേളനത്തില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞുവെന്നത് എനിക്കും വിഎസിനും അത്രയും അടുപ്പമുള്ള ചിലര്‍ക്കും മാത്രമറിയുന്ന സത്യം. ‘പലതും സഹിക്കാനാവുന്നില്ലെന്നും മതിയാക്കുകയാണെന്നും’ ചെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിലക്കിയില്ല. അദ്ദേഹത്തിന്റെ പക്ഷക്കാരനായിരുന്നെങ്കില്‍ എന്നെ നിലനിര്‍ത്താനെങ്കിലും അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്റെ ഇഷ്ടം പോലെ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി വേര്‍പിരിഞ്ഞശേഷവും അദ്ദേഹവുമായി വ്യക്തിബന്ധം തുടര്‍ന്നു. കരുത്തുള്ള ആ നിലപാടുകള്‍പോലെ തന്നെയായിരുന്നു എന്നോടുള്ള ബന്ധവും സ്നേഹവും. സിപിഎം രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സന്‍മനസ്സും സ്വാതന്ത്ര്യവുമുണ്ടായിരുന്നു എന്ന ബോധ്യംതന്നെയാണ് ഞങ്ങള്‍ക്കിടയിലെ അടുപ്പം. നിലപാടുകളുടെ ആ ഉറച്ച ശബ്ദം നിലയ്ക്കുകയില്ല. ഓര്‍മ്മകള്‍ മരിക്കുകയുമില്ല..”മഞ്ഞളാംകുഴി അലി വിശദീകരിച്ചു.