ന്യൂഡൽഹി: രാജ്യം ആരു ഭരിക്കുമെന്നറിയാൻ ജനകോടികൾ ആകാംക്ഷയോടെ കാത്തിരിക്കെ, വോട്ടെണ്ണൽ ദിനം സുതാര്യമാക്കാൻ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ മുന്നണി മുന്നോട്ടുവെച്ച സുപ്രധാന നിർദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.
പോസ്റ്റൽ ബാലറ്റ് ആദ്യമെണ്ണി തീർക്കണമെന്ന ഇന്ത്യാ മുന്നണി നേതാക്കളുടെ ആവശ്യമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത്. പോസ്റ്റൽ ബാലറ്റ് ആദ്യമെണ്ണി തീർക്കുക പ്രായോഗികമല്ല. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവെക്കാൻ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്നത് അടിസ്ഥാനരഹിതമാണെന്നും കമ്മിഷൻ അവകാശപ്പെട്ടു.
വോട്ടിങ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് ചിത്രീകരിക്കണം. കൺട്രോൾ യൂണിറ്റിലെ തിയ്യതികളും സമയവും പരിശോധിക്കണം. രാഷ്ട്രീയപാർട്ടികളുടെ പരാതികൾക്ക് നിരീക്ഷകർ വേണ്ട നിർദേശങ്ങൾ നൽകണം തുടങ്ങിയ കാര്യങ്ങളും ഇന്ത്യാ മുന്നണിയുടെ നേതാക്കൾ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.
നാളെ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ. ഇതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും കമ്മിഷൻ വ്യക്തമാക്കി. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മൂന്നാമൂഴം പ്രവചിച്ചുള്ള സർവ്വേ ഫലങ്ങളിൽ എൻ.ഡി.എ ക്യാമ്പ് പുത്തനുണർവിലാണ്. എന്നാൽ, ഈ സർവ്വേ തള്ളി 295 സീറ്റുകളോടെ ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന ഡി.ബി ലൈവ് സർവ്വേ മതനിരപേക്ഷ കക്ഷികളിൽ വൻ പ്രത്യാശയാണ് ഉണർത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group