കണ്ണൂർ: പ്രണയം നിരസിച്ചതിതിലെ പക പ്രതികാരമായി മാറി. കാമുകിയെ പട്ടാപ്പകൽ കഴുത്തറുത്തു കൊല്ലാൻ പ്രചോദനമായത് ക്രൈം ത്രില്ലറായ അഞ്ചാം പാതിര. പാനൂരി ലെ വിഷ്ണു പ്രിയയെ, ശ്യാംജിത്ത് ക്രൂരമായി കൊലപ്പെടുത്തിയത്തിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിലെ തയ്യാറെടുപ്പുകളുമായി. ഇതിന് പ്രചോദനമായത് അഞ്ചാം പാതിരയെന്ന സിനിമയും. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ കേവലം 34 ദിവസത്തിനകം ശാസ്ത്രീയ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ സി.ഐ, എം. പി. ആസാദാണ്.
കുറ്റവാളിക്ക് അർഹമായ ശിക്ഷ നൽകാൻ പ്രോസിക്യൂഷനെ സഹായിച്ചത് കുറ്റമറ്റ ഈ അന്വേഷണമാണ്.
വിഷ്ണുപ്രിയയുടെ കൊലപാതകം പ്രതി ആസൂത്രണം ചെയ്തത് ‘അഞ്ചാംപാതിര’സിനിമ കണ്ടാണെന്നു പൊലീസ് തെളിവുകൾ നിരത്തി വ്യക്തമാക്കുന്നു. ‘അഞ്ചാംപാതിര’യിലെ കൊലപാതകിയുടെ വേഷത്തിലാണ് പ്രതി ശ്യാംജിത്ത് വിഷ്‌ണുപ്രിയയുടെ വീട്ടിലെത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസായിട്ടും, സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോൺകോൾ റെക്കോർഡുകളും ശേഖരിച്ച് 34 ദിവസത്തിനകമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. അതുകൊണ്ടു തന്നെ പ്രതിക്ക് ജാമ്യം ലഭിക്കാതെ വിചാരണ നേരിടേണ്ടിവരികയും ചെയ്തു.
ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന ഐപിസി 449, 302 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സഹോദരിയും പ്രതി ശ്യാംജിത്തും സഹപാഠികളായിരുന്നു. കോവിഡ് കാലത്ത് സഹോദരിയുടെ ഫോണിലേക്ക് ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് ശ്യാംജിത്ത് വിളിച്ചിരുന്നു. അങ്ങനെയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറി. ഇതിനിടെ വിഷ്ണുപ്രിയയിൽ ശ്യാംജിത്തിന് സംശയം തുടങ്ങിയതോടെ ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായി. പലപ്പോ വഴക്കുകളുണ്ടാകൂകയും ബന്ധം പിരിയുകയും ചെയ്തു.
ശ്യാംജിത്തുമായി പിരിഞ്ഞശേഷം വയനാട്ടിലേക്ക് വിനോദയാത്രക്കിടയിലാണ് വിഷ്ണു പ്രിയ, പൊന്നാനി സ്വദേശിയായ ഫൊട്ടോഗ്രഫറെ പരിചയപ്പെടുന്നത്. അയാൾ വിഷ്ണുപ്രിയയുടെയും സുഹൃത്തുക്കളുടെയും ഫോട്ടോ എടുത്തു കൊടുത്തു. ഫോട്ടോ അയച്ചു നൽകാൻ വിഷ്‌ണുപ്രിയയുടെ നമ്പർ വാങ്ങി. തുടർന്ന് ഇരുവരും സുഹൃത്തുക്കളായി. ശ്യാംജിത്തുമായുള്ള പ്രശ്നങ്ങൾ വിഷ്ണുപ്രിയ പുതിയ സുഹൃത്തുമായി സംസാരിക്കുമായിരുന്നു. പിന്നീട് ഇവർ പ്രണയത്തിലായി. ഇക്കാര്യം അറിഞ്ഞ ശ്യാംജിത്ത് വിഷ്ണുപ്രിയയെയും യുവാവിനെയും പല തവണ ഭീഷണിപ്പെടുത്തി.
ഒരിക്കൽ വിഷ്ണുപ്രിയ യുവാവിനൊപ്പം അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്കു പോയത് അറിഞ്ഞ ശ്യാംജിത്ത് അവരെ പിൻതുടർന്ന് വഴിയിൽ തടഞ്ഞു. താൻ പ്രണയിക്കുന്ന പെൺകുട്ടിയാണ് വിഷ്ണുപ്രിയയെന്നും ഈ ബന്ധത്തിൽനിന്ന് പിന്മാറണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ ബന്ധത്തിൽനിന്നു പിൻമാറാൻ തയാറല്ലെന്ന് ഇരുവരും ശ്യാംജിത്തിനോട് പറഞ്ഞു. അതുമൂലമുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
‘അഞ്ചാംപാതിര’ എന്ന സിനിമ കണ്ടാണ് പ്രതി കൊലപാതകത്തിനു പദ്ധതി തയാറാക്കിയത്.ആ സിനിമയിലെ കൊലയാളിയുടെ വസ്ത്രധാരണശൈലിയിൽ കറുത്ത ടീഷർട്ടും ഗ്ലൗസും ഹെൽമെറ്റും ധരിച്ചാണ് കൃത്യം ചെയ്യുന്നതിനായി ബൈക്കിൽ എത്തിയതും. കൂത്തുപറമ്പിലെ കടയിൽനിന്ന് ഒരു ചുറ്റിക വാങ്ങി. അമ്മാവന്റെ ഹാർഡ്‌വെയർ കടയിൽ വച്ചാണ് കൊല നടത്താനുള്ള കത്തി നിർമ്മിച്ചത്.
ഇതിന് മുമ്പേ, കത്തി നിർമിക്കുന്ന ഒരാളിൽനിന്ന് അതിനെപ്പറ്റി മനസ്സിലാക്കി. ഈ കേസിൽ സാക്ഷിയായിരുന്ന അയാൾ കൂറുമാറുകയും പിന്നീട് കോടതിയിൽ സത്യം വെളിപ്പെടുത്തുകയും ചെയ്തു.
വിഷ്ണുപ്രിയ ജോലി ചെയ്‌തിരുന്ന ആശുപത്രിയിലേക്കാണ് ശ്യാംജിത്ത് ആദ്യം പോയത്. അവിടെ ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ വീട്ടിലേക്കു പോയി. അമ്മാവന്റെ വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിഷ്ണുപ്രിയ മുറിയിലിരുന്ന്, പൊന്നാനിയിലുള്ള സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. ശ്യാംജിത്ത് മുറിയിൽ കയറിയ ഉടൻ, വിഡിയോ കോളിലുള്ള സുഹൃത്തിനോട് വിഷ്ണുപ്രിയ ‘ശ്യാമേട്ടൻ വന്നിട്ടുണ്ട് എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ട്’ എന്നുപറയുകയും ചെയ്തു.
ആ സമയത്ത് ശ്യാംജിത്ത് ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചുവീഴ്ത്തി. പിന്നീട് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്തുകയായിരുന്നു. കൊല്ലപ്പെട്ട ശേഷവും വിഷ്ണു പ്രിയയുടെ ശരീരത്തിൽ പല തവണ ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു. വിഷ്ണു പ്രിയയുടെ ശരീരത്തിൽ 29 മുറിവുകളാണ് ഉണ്ടായിരുന്നത്. കൃത്യം നിർവ്വഹിച്ച ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
കേസിൽ പ്രധാന സാക്ഷി വീഡിയോ കോളിൽ ഉണ്ടായിരുന്ന സുഹൃത്താണ്. ശ്യാം ജിത്ത് മുറിയിൽ കയറി വന്നത് വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ആ 13 സെക്കന്റ് ദൃശ്യമാണ് കേസിലെ നിർണായക തെളിവ്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. ശ്യംജിത്ത് ബൈക്കിൽ വന്നതിനും സാക്ഷികളുണ്ടായിരുന്നു.