ലഖ്‌നൗ: ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ നാണക്കേടായി, യു.പിയിലെ ഇട്ടാവയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കായി എട്ടുതവണ വോട്ടുചെയ്ത് കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ. ഗ്രാമമുഖ്യന്റെ മകൻ കൂടിയായ രാജൻ സിംഗാണ് പിടിയിലായത്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
സംഭവത്തിൽ ബൂത്തിൽ റീ പോളിംഗ് നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പ് കമ്മിഷനോടാവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പോളിംഗ് ബൂത്തിനുള്ളിൽ കടന്ന് പ്രതി കൃത്യം നിർവഹിച്ചത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
യു.പിയിലെ ഫറൂക്കാബാദ് ലോക്‌സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി മുകേഷ് രാജ്പുതിനാണ് പ്രതി എട്ടുതവണയും വോട്ട് ചെയ്തത്. വോട്ട് ചെയ്യാൻ ക്യൂവിലുണ്ടായിരുന്നവരുടെ സ്ലിപ്പും തിരിച്ചറിയൽ കാർഡും വാങ്ങിയാണ് പ്രതി കൂട്ടവോട്ട് ചെയ്തത്. എട്ടുതവണ വോട്ട് ചെയ്യുമ്പോഴും പ്രതി പോളിംഗ് ബൂത്തിനുള്ളിൽ കൊണ്ടുപോയ മൊബൈൽ ക്യമറ നോക്കി എണ്ണം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വോട്ട് വി.വി പാറ്റ് മെഷീനിൽ രേഖപ്പെടുത്തുന്നതും ചിത്രീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അതീവ ഗുരുതമായ വിഷയം കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വിഡിയോ സഹിതം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യാ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധിയും യു.പി മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷമായ വിമർശവും ഉന്നയിച്ചിരുന്നു. ശേഷമാണ് ദൃശ്യം പരിശോധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നടപടിക്ക് ഉത്തരവിട്ടത്.
തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ഭോപ്പാലിൽ ബി.ജെ.പി നേതാവ് പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യിച്ചിരുന്നു. സംഭവം വിവാദമായതോടെ ബി.ജെ.പി നേതാവ് വിനയ് മെഹറിനെതിരെ കേസെടുത്ത് പ്രിസൈഡിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യത്തിന്റെ പല ഭാഗത്തും സത്യസന്ധവും നിർഭയവുമായി വോട്ട് ചെയ്യാൻ വോട്ടർമാർക്ക് സാധിക്കുന്നില്ലെന്ന ആശങ്കകളെ കൂടുതൽ ബലപ്പെടുത്തുന്നതാണ് ഇത്തരം കൃത്രിമങ്ങൾ. തെരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായ ഇടപെടലിലൂടെ മുഖം നോക്കാതെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത് രാജ്യത്ത് വൻ വെല്ലുവിളിയാണ് ഉയർത്തുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group