തൃശൂര്‍- പ്രായം മറന്ന് അവരൊന്നായി. എഴുപത്തിയൊമ്പതുകാരനായ വിജയരാഘവനും എഴുപത്തിയഞ്ച് പൂര്‍ത്തിയായ സുലോചനയും ജീവിതയാത്രയില്‍ ഇനി ഒരേ വഴിയില്‍. വിവാഹത്തിന് പ്രായം തടസ്സമേയല്ലെന്ന് പ്രഖ്യാപിച്ചാണ് തൃശൂരിലെ രാമവര്‍മ്മപുരം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നിന്ന് അവര്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് 79 വയസുള്ള വിജയരാഘവന്റെയും 75 വയസ്സുള്ള സുലോചനയുടെയും വിവാഹം നടന്നത്. പ്രമുഖരുടെ സാന്നിധ്യം ചടങ്ങിചടങ്ങിലുണ്ടായത് ശ്രദ്ധേയമായി. കേരളാ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
പേരാമംഗലം സ്വദേശിയായ വിജയരാഘവന്‍ 2019 ലാണ് വൃദ്ധസദനത്തിലെത്തിയത്. ഇരിങ്ങാലക്കുടയിലെ സുലോചനയാകട്ടെ 2024 ലാണ് എത്തിച്ചേരുന്നത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ശേഷമാണ് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഇരുവരുടെയും വിവാഹം നടത്താന്‍ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ നടത്തിയത്. ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ ഒരു ദാമ്പത്യം ഉണ്ടാകട്ടെ എന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. തൃശൂര്‍ മേയര്‍ എം വര്‍ഗീസ്സും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. അതിഥികള്‍ പുതുദമ്പതികള്‍ക്ക് മധുരവും കൈമാറി.