- 9 രാജ്യസഭാ സീറ്റുകളിൽ അഞ്ചും മുസ്‌ലിംകളെന്ന് വെള്ളാപ്പള്ളി
- വെള്ളാപ്പള്ളി സംഘപരിവാറിന് വളം വയ്ക്കുന്നുവെന്ന് വിമർശം
ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവിന് മുസ്‌ലിം സമുദായത്തിന്റെ തലയിൽ കയറുക വഴി ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിനെ സഹായിക്കുകയാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് .
ആലപ്പുഴ / കോഴിക്കോട്: മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ച് ബി.ജെ.പിയെ രക്ഷകരായി കണ്ടതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
ഇടതു വലതു മുന്നണികൾ അതിരുവിട്ട മുസ്‌ലിം പ്രീണനം നടത്തുകയാണെന്ന് ആരോപിച്ച വെള്ളാപ്പള്ളി, കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാൻ തയ്യാറാണെന്നും കുറിച്ചു.
ഒഴിവുവന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എൽ.ഡി.എഫും യു.ഡി.എഫും രണ്ടു മുസ്‌ലിംകളെയും ഒരു ക്രിസ്ത്യാനിയെയും നാമനിർദേശം ചെയ്ത കാര്യം താൻ പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞു. കേരളത്തിൽ ആകെയുള്ള 9 രാജ്യസഭാ സീറ്റുകളിൽ അഞ്ചുപേരും മുസ്‌ലിംകളാണ്. രണ്ടുപേർ ക്രിസ്ത്യാനികളുമാണ്. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കൾക്ക് രണ്ട് മുന്നണികളും കൂടി നല്കിയത് രണ്ടേ രണ്ട് സീറ്റുകളാണ്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇടത് വലത് മുന്നണികൾക്ക് ധൈര്യമില്ലെന്നും കുറ്റപ്പെടുത്തി.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പറഞ്ഞ മുസ്‌ലിം നേതാക്കൾ സ്വന്തം മതക്കാരുടെ അനീതികൾക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചത്. തന്നെ ക്രൂശിക്കാൻ വരുന്നവർ തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങനെയെന്ന് കാണണം. ഇരുമുന്നണികളുടെയും മുസ്‌ലിം പ്രീണനവും മുസ്‌ലിം ലീഗിന്റെയും കുറേ മുസ്‌ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബി.ജെ.പിയെ രക്ഷകരായി കണ്ടതാണെന്നും കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അസമത്വം വ്യക്തമാകാൻ സാമ്പത്തിക സർവ്വേ നടത്തണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
എന്നാൽ, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായത് ലഭിക്കുന്നില്ലെങ്കിലും വെള്ളാപ്പള്ളിയുടെ കുറുക്കുബുദ്ധി സംഘപരിവാറിന് വളം വയ്ക്കുന്നതും വസ്തുതകളോട് മുഖം തിരിക്കുന്നതാണെന്നും വിവിധ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവിന് മുസ്‌ലിം സമുദായത്തിന്റെ തലയിൽ കയറുക വഴി ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിനെ സഹായിക്കുകയാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് കുറ്റപ്പെടുത്തി.
ഒരു മേഖലയിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമില്ലാത്തവരാണ് മുസ്‌ലിംകൾ. ഈഴവരെപ്പോലെ മുസ്‌ലിം സമുദായവും വിവേചനം അനുഭവിക്കുന്നവരാണ്. അതൊരു യാഥാർഥ്യമായിരിക്കെ മുസ്‌ലിം സമുദായം അനർഹമായി പലതും നേടുന്നുവെന്ന നിലവിളി ആരുടെ താൽപാര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.