പാരീസ് – ഫലസ്തീന്‍ നേതാക്കള്‍ക്ക് വിസ നിഷേധിക്കാനുള്ള അമേരിക്കയുടെ തീരുമാനം അസ്വീകാര്യമാണെന്നും അത് പിന്‍വലിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വരാനിരിക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഫലസ്തീന്‍ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിസ നിഷേധിച്ചുകൊണ്ടുള്ള അമേരിക്കൻ തീരുമാനത്തിനെതിരെയാണ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്ത് വന്നത്. ഈ നടപടി റദ്ദാക്കണമെന്നും യു.എന്‍ ആസ്ഥാനവുമായി ബന്ധപ്പെട്ട ആതിഥേയ രാജ്യ ഉടമ്പടി പ്രകാരം ജനറല്‍ അസംബ്ലിയില്‍ ഫലസ്തീന്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാക്രോണ്‍ തന്റെ ട്വിറ്ററില്‍ ആണ് ഇക്കാര്യം പറഞ്ഞത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി താന്‍ സംസാരിച്ചതായും മാക്രോണ്‍ കുറിച്ചു. സെപ്റ്റംബര്‍ 22 ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തില്‍ ഇരുവരും ഒരുമിച്ച് അധ്യക്ഷത വഹിക്കും.
ഇസ്രായിലികളുടെയും ഫലസ്തീനികളുടെയും ന്യായമായ അഭിലാഷങ്ങള്‍ നേടിയെടുക്കാനുള്ള ഏക മാര്‍ഗമായ ദ്വിരാഷ്ട്ര പരിഹാരത്തിനായി സാധ്യമായ അന്താരാഷ്ട്ര പിന്തുണ നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഗാസയിലെ ജനങ്ങള്‍ക്ക് വലിയ തോതിലുള്ള മാനുഷിക സഹായം എത്തിക്കുക, ഗാസയില്‍ സ്ഥിരതയുണ്ടാക്കാന്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.
ഹമാസിന്റെ നിരായുധീകരണം, യുദ്ധാനന്തരം ഗാസയിലെ ഏതെങ്കിലും അധികാര കേന്ദ്രങ്ങളില്‍ നിന്ന് ഹമാസിനെ അകറ്റിനിര്‍ത്തുക, ഫലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കരണവും ശക്തിപ്പെടുത്തലും, മുഴുവന്‍ ഗാസ മുനമ്പിന്റെയും പുനര്‍നിര്‍മാണം എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ നേതാക്കള്‍ക്ക് വിസ നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അമേരിക്കയോട് ആവശ്യപ്പെട്ടു. ഫലസ്തീന്റെ ശബ്ദം നിശബ്ദമാക്കുക അസാധ്യമാണ്. ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിസ നിഷേധിക്കാനുള്ള അമേരിക്കയുടെ തീരുമാനം യുഎന്നിന്റെ നയങ്ങൾക്ക് വിരുദ്ധമാണ്. അത് ഇസ്രായിലിന് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. എത്രയും വേഗം തീരുമാനം പുനഃപരിശോധിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും 80 ഫലസ്തീന്‍ അതോറിറ്റി നേതാക്കള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക വിസ വിലക്കിയിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് വിസ വിലക്കിയത്. മഹ്മൂദ് അബ്ബാസിനെയും 80 ഫലസ്തീന്‍ നേതാക്കളെയും യുഎന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ന്യൂയോര്‍ക്കില്‍ എത്താന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം പറഞ്ഞിരുന്നത്.