റിയാദ്- ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനായി ബോര്‍ഡിംഗ് പാസും എമിഗ്രേഷനും കഴിഞ്ഞ് വിമാനത്താവളത്തിനുള്ളിലേക്ക് കടന്നെങ്കിലും ഗേറ്റ് കാണാനാകാതെ യുപി സ്വദേശി റിയാദ് വിമാനത്താവളത്തില്‍ കറങ്ങിയത് ഒരാഴ്ച. ഹായിലില്‍ ആട്ടിടയനായി ജോലി ചെയ്യുന്ന യുപി മഹാരാജ് ഗഞ്ച് സ്വദേശി സുരേഷ് പാസ്വാന്‍ ആണ് വിമാനം കാത്ത് ഒരാഴ്ച റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. അതേസമയം ലഗേജെത്തിയിട്ടും ഇദ്ദേഹത്തെ കാണാത്ത പരിഭവത്തില്‍ വീട്ടുകാര്‍ ദല്‍ഹി വിമാനത്താവളത്തില്‍ ഒരാഴ്ച കാത്തിരിക്കുകയും ചെയ്തു.
ആഗസ്റ്റ് 25ന് രാത്രി 8.40ന് ദല്‍ഹിയിലേക്കുള്ള നാസ് എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത ഇദ്ദേഹത്തെ മുന്നു മണിക്കൂര്‍ മുമ്പ് തൊഴിലുടമ വിമാനത്താവളത്തില്‍ കൊണ്ടുവിട്ടതായിരുന്നു. ചെക്ക് ഇൻ നടപടികള്‍ പൂര്‍ത്തിയാക്കി ഉള്ളിലേക്ക് പ്രവേശിച്ച ഇദ്ദേഹം മൂന്നാം നമ്പര്‍ ഗേറ്റ് തുറക്കുന്നതും കാത്തിരുന്നു. എന്നാല്‍ ഗേറ്റ് മാറ്റി അനൗണ്‍സ് ചെയ്തത് അദ്ദേഹമറിഞ്ഞില്ല. ഒടുവില്‍ വിമാനം ഡല്‍ഹിയിലേക്ക് പറക്കുകയും ചെയ്തു. അതിനിടെ ഇദ്ദേഹത്തിന്റെ ലഗേജ് ദല്‍ഹി വിമാനത്താവളത്തിലെത്തിയിരുന്നു. ലഗേജെത്തിയിട്ടും ഇദ്ദേഹത്തെ കാണാനില്ലാത്തതിനാല്‍ ബന്ധുക്കള്‍ നാസ് എയര്‍ അധികൃതരുമായി ബന്ധപ്പെട്ടു. ഇദ്ദേഹത്തെ കാണാനായില്ല എന്നാണ് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞത്. ഫോണ്‍ വിളിച്ചിട്ട് കിട്ടയതുമില്ല.
അഞ്ച് ദിവസം കഴിഞ്ഞാണ് റിയാദ് എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെ വിളിച്ച് സുരേഷിനെ കുറിച്ച് വിശദീകരിച്ചത്. മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ ഒരു ഇന്ത്യക്കാരനുണ്ടെന്നും മൗനിയാണെന്നും ആഹാരം കഴിക്കുന്നില്ലെന്നും വസ്ത്രം മാറ്റുന്നില്ലെന്നും പറഞ്ഞു. ശിഹാബ് ഉടന്‍ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടറി മൊയിന്‍ അക്തറിനെ അറിയിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വിമാനത്താവളത്തില്‍ പോയി. പാലക്കാട് കൂട്ടായ്മ ഭാരവാഹികളായ കബീര്‍ പട്ടാമ്പിയും റഊഫ് പട്ടാമ്പിയും കൂടെയുണ്ടായിരുന്നു. മാനസിക നില തകര്‍ന്ന അവസ്ഥയിലായിരുന്നു സുരേഷ്. കയ്യിലുള്ള ഫോണ്‍ വാങ്ങി അവസാനം വിളിച്ച നമ്പറില്‍ വിളിച്ചപ്പോള്‍ ദമാമിലുള്ള ബന്ധുവിനെ കിട്ടി. ഒരാഴ്ചയായി യാതൊരു വിവരമില്ലെന്നും വീട്ടുകാരടക്കം ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇദ്ദേഹത്തിന്റെ കയ്യില്‍ മാറാന്‍ വേറെ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ശിഹാബ് പുതിയ വസ്ത്രം കൊണ്ടുവന്നെങ്കിലും പുതിയത് ധരിക്കാന്‍ കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ച് പുതിയ വസ്ത്രം അണിയിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ഇതേതുടര്‍ന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ടിക്കറ്റെടുത്ത് രണ്ടാം ടെര്‍മിനലിലെത്തിച്ചാല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകാമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞു. പക്ഷേ ടെര്‍മിനല്‍ മാറ്റം എളുപ്പമാകില്ലെന്ന് മനസ്സിലായി. ഒടുവില്‍ ഞായറാഴ്ച രാത്രി 8.40നുള്ള നാസ് എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത് നല്‍കി അദ്ദേഹത്തെ ദല്‍ഹിയിലേക്കയച്ചു. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം ബന്ധുക്കളുടെ അടുത്തെത്തിയതായി ശിഹാബ് അറിയിച്ചു.