ജിദ്ദ: ജിദ്ദയിൽനിന്നും ഇന്നലെ(തിങ്കൾ) കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിലെ 150-ഓളം യാത്രക്കാർ ജിദ്ദയിൽ കുടുങ്ങി. ഇന്ന്(ചൊവ്വ) പുറപ്പെട്ട വിമാനത്തിൽ ഇവരെ കൊണ്ടുപോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും യാത്ര സാധ്യമായില്ല.
ഇന്നത്തെ വിമാനത്തിൽ ടിക്കറ്റെടുത്ത യാത്രക്കാരെ മാത്രമാണ് ഇന്ന് കൊണ്ടുപോയത്. ഇനിയുള്ള ദിവസങ്ങളിലെ ഷെഡ്യൂൾ കൃത്യമാക്കാനാണ് ഇങ്ങിനെ ചെയ്യുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നതെന്ന് യാത്രക്കാർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
ഞായറാഴ്ച പോകേണ്ടിയിരുന്ന യാത്രക്കാരെ അന്നത്തെ വിമാനം മുടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച്ച സർവീസ് നടത്തിയ വിമാനത്തിൽ കൊണ്ടുപോയിരുന്നു.
യാത്ര മുടങ്ങിയ ഉംറ തീർത്ഥാടകർ ജിദ്ദയിലെ ഹോട്ടലിലാണ് ഇന്നലെ മുതൽ കഴിയുന്നത്. ഇവരെ കൊണ്ടുപോകുന്നതിനായി മുംബൈയിൽനിന്ന് സ്പെഷ്യൽ വിമാനം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയില്ല. അറിയിപ്പ് ഉടൻ വരുമെന്നാണ് യാത്രക്കാരോട് പറഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് യാത്ര അനിശ്ചിതത്വത്തിലായി ജിദ്ദയിൽ കഴിയുകയാണ്.