ആലപ്പുഴ / തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസിലെ ഉന്നതർക്കെതിരേയും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് പിന്തുണയുമായി സി.പി.എം എം.എൽ.എയായ യു പ്രതിഭ രംഗത്ത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായാണ് അവർ പിന്തുണ അറിയിച്ചത്. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്’. പിന്തുണ: എന്നാണ് ഒറ്റവരിയിലുള്ള എം.എൽ.എയുടെ പോസ്റ്റ്.
അൻവറിന്റേത് സത്യസന്ധമായ അഭിപ്രായമാണ്. അഭ്യന്തരവകുപ്പിൽ എക്കാലത്തും ഒരു പവർ ഗ്രൂപ്പുണ്ടായിരുന്നുവെന്നും അത് പരിശോധിക്കേണ്ടതാണെന്നുമാണ് പ്രതിഭ ഉൾപ്പെടെ പലരുടെയും അഭിപ്രായം. ഇത് തിരിച്ചറിഞ്ഞ് തിരുത്തൽ നടപടിയിലേക്ക് പോയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന അഭിപ്രായം പാർട്ടിയിലും പ്രവർത്തകരിലുമുണ്ട്. എന്നാൽ, ഉന്നത നേതാക്കളെ തൊടാൻ പാർട്ടി വീണ്ടും തയ്യാറാകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം.
ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെട്ട സംഘത്തിൽ പോലും ആരോപണ വിധേയരുടെ താൽപര്യം സംരക്ഷിച്ച് മുഖ്യമന്ത്രി വഴങ്ങിയെന്നും ശക്തമായ ആരോപണമുണ്ട്. ഡി.ജി.പിയുടെ നിർദേശം തള്ളി, ആരോപണം ഉയർന്ന ഉദ്യോഗസ്ഥനെ വകുപ്പിൽ നിലനിർത്തി, അദ്ദേഹത്തിന്റെ കീഴ് ജീവനക്കാരെ ഉൾപ്പെടുത്തിയുള്ള അന്വേഷണം പ്രതികൾക്ക് അനുകൂലമാകുമെന്നും ഈ തീരുമാനം എടുപ്പിച്ചതിൽ പി ശശിക്ക് മുഖ്യമന്ത്രിയിലുള്ള ശക്തമായ സ്വാധീനമാണ് പ്രകടമാവുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.