- നാട്ടിലേക്കുള്ള മടക്കത്തിനിടെ ചായ കുടിക്കാൻ ബൈക്ക് സൈഡാക്കിയപ്പോൾ നിയന്ത്രണംവിട്ട് കാറിടിച്ചാണ് അപകടമുണ്ടായത്.
സേലം: തമിഴ്നാട് ധർമപുരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെരിന്തൽമണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങൽ ദമ്പതികളുടെ മകൻ എം ബിൻഷാദ് (25), നഴ്സിങ് കോളേജ് വിദ്യാർത്ഥി തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസിൽ കബീർ – ഹസ്നത്ത് ദമ്പതികളുടെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്.
ബെംഗളൂരു സേലം ദേശീയപാതയിൽ ധർമപുരി പാലക്കോടിനടുത്തുവെച്ച് നിർത്തിയിട്ട ബൈക്കിൽ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടമെന്ന് പോലീസ് പറഞ്ഞു. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിൽനിന്ന് കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും.
ചായ കുടിക്കാൻ റോഡരികിൽ ബൈക്ക് നിർത്തിയപ്പോൾ നിയന്ത്രണം വിട്ടെത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ധർമപുരി ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.