മലപ്പുറം: ലഹരിക്കടത്തിനിടെ സ്‌കൂൾ മാനേജർ അടക്കം രണ്ടുപേർ പിടിയിൽ. കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ സഹിതം എയ്ഡഡ് എൽ.പി സ്‌കൂൾ മാനേജർ അടക്കം രണ്ടുപേരാണ് അറസ്റ്റിലായതെന്ന് പെരിന്തൽമണ്ണ പോലീസ് അറിയിച്ചു.
തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീൽ(39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ വച്ച് പോലീസ് ഇവരുടെ കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പോലീസ് വാഹനം കുറുകെയിട്ടാണ് കാർ തടഞ്ഞത്.
മൊറയൂരിൽ എൽ.പി സ്‌കൂൾ മാനേജറാണ് ദാവൂദ് ഷമീൽ. ബെംഗ്‌ളൂരുവിലും നാട്ടിലും ഇവന്റ് മാനേജ്‌മെന്റും നടത്തുന്നുണ്ട്. ഷാനിദും ദാവൂദ് ഷമീലിന്റെ കൂടെയാണ് ജോലി ചെയ്യുന്നത്. ഇവന്റ് മാനേജ്‌മെന്റിന്റെ മറവിലാണ് ലഹരിക്കടത്ത് നടത്തുന്നത്. ബെംഗ്ലൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നത്. മുമ്പും പലതവണ ലഹരി കടത്തിയതായി പ്രതികൾ സമ്മതിച്ചതായും പോലീസ് പറഞ്ഞു.
അമിതലാഭം ലക്ഷ്യമിട്ടാണ് പ്രതികൾ ലഹരിക്കടത്തിലേക്ക് ഇറങ്ങിയതെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കിയതായും പോലീസ് പറഞ്ഞു.