ബെയ്റൂത്ത് – ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ, തെക്കന്‍ ലെബനോനിലെ ഹെല്‍ത്ത് സെന്ററിനു നേരെയുണ്ടായ ഇസ്രായിലി വ്യോമാക്രമണത്തില്‍ 12 മെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുര്‍ജ് ഖലാവിയയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. ഹെല്‍ത്ത് സെന്ററില്‍ ഡ്യൂട്ടിയിലായിരുന്ന പന്ത്രണ്ട് ഡോക്ടര്‍മാരും പാരാമെഡിക്കുകളും നഴ്സുമാരും രക്തസാക്ഷികളായി. ഒരു ആരോഗ്യ പ്രവര്ത്തകന് പരിക്കേറ്റു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനാല്‍ ഇത് പ്രാഥമിക കണക്ക് മാത്രമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലാ ജീവനക്കാരെ ലക്ഷ്യമിട്ട് മണിക്കൂറുകള്ക്കുള്ളിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. അല്സവാനയില് പാരാമെഡിക്കുകള്ക്കെതിരായ ആക്രമണത്തില്‍ രണ്ട് പാരാമെഡിക്കുകള്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
ഓപ്പറേഷന് ലയണ്‍സ് റോര്‍ ആരംഭിച്ചതിനുശേഷം 15 മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 350 ലേറെ ഹിസ്ബുല്ല പോരാളികളെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ അറിയിച്ചു. കൊല്ലപ്പെട്ട കമാന്‍ഡര്‍മാര്‍ ഹിസ്ബുല്ലയിലെ വിവിധ വിഭാഗങ്ങളില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. അടുത്തിടെ ഇസ്രായിലിനെതിരെ ആക്രമണം നടത്താനുള്ള ശ്രമങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഇസ്രായില്‍ സൈന്യം കേന്ദ്രീകൃത വ്യോമ, കടല്‍, കര ആക്രമണങ്ങളുടെ ഒരു പരമ്പര നടത്തി. ഇതിന്റെ ഫലമായി ലെബനോനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഭീകരവാദ സംഘടനകളിലെ പ്രമുഖ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഏതാനും പോരാളികള്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ ഫയര്‍ പവര്‍ മാനേജ്മെന്റ് ചുമതലയുള്ള സൈദ് അലി ജുംഅ, ഖുദ്സ് ഫോഴ്സിന്റെ ലെബനോന് ഫോഴ്സ് ഇന്റലിജന്‍സ് ബ്രാഞ്ച് കമാന്‍ഡര്‍ അലി രിസ ബേ അസാര്, ഖുദ്സ് ഫോഴ്സിന്റെ ഫലസ്തീന് ഫോഴ്സ് ഇന്റലിജന്‍സ് ഓഫീസര്‍ അഹ്മദ് റസൂലി, ഇമാം ഹുസൈന് ബ്രിഗേഡ് കമാന്‍ഡര്‍ അലി മുസ്ലിം തബാജ എന്നിവര്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ പ്രധാനികളാണ്. ഈ ഓപ്പറേഷനുകളില്‍ ഏഴ് മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍മാര്‍, ഖുദ്സ് ഫോഴ്സിന്റെ ഫലസ്തീന്, ലെബനോന് ഫോഴ്സുകളിലെ അഞ്ച് കമാന്‍ഡര്‍മാര്‍, ഇമാം ഹുസൈന് ബ്രിഗേഡിലെ ബ്രിഗേഡ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് കമാന്‍ഡര്‍മാര്‍, ഫലസ്തീന് ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ പ്രമുഖ കമാന്‍ഡര്‍ എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനോനില്‍ ഇറാന് ഭരണകൂടവുമായി ബന്ധപ്പെട്ട് സൈനിക നേതൃത്വ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ലക്ഷ്യം വെച്ച് ഇസ്രായില്‍ സൈന്യം ആക്രമണം നടത്തി. ഇത് ലെബനോനിലും മേഖലയിലും ഇറാന്റെ സ്വാധീനം ദുര്‍ബലപ്പെടുത്തും. ഇസ്രായിലിനെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ലെബനോനിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സായുധ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ഇസ്രായില്‍ സൈനിക വക്താവ് ആരോപിച്ചു. കൂടാതെ അവര്‍ സിവിലിയന്മാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



