തേഞ്ഞിപ്പലം– ഐ ലൗ മുഹമ്മദ് തീവ്രവാദ മുദ്രാവാക്യമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക ഭാഷാ സിംഗ്. കാലിക്കറ്റ് സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന രണ്ടാമത് ദ്വിദിന സിഎച്ഛ് മുഹമ്മദ് കോയാ ദേശീയ സെമിനാറില്‍ “നാലാം തൂണിനെ വീണ്ടെടുക്കല്‍,മുഖ്യധാര മാധ്യമങ്ങള്‍, വ്യാജവാര്‍ത്തകള്‍, പക്ഷംചേരലുകള്‍, ധ്രുവീകരണങ്ങള്‍” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നമ്മള്‍ ജീവിക്കുന്നത് ഫാഷിസ്റ്റ് കാലത്താണ് നമ്മള്‍ സ്വയം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു പ്രതിസന്ധി നമ്മള്‍ ഇതുവരെ നേരിട്ടിട്ടില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമായ വോട്ടവകാശം നിഷേധിക്കുന്ന സ്ഥിതിയാണ്. മുസ്ലിംകള്‍ മാത്രമല്ല ക്രിസ്ത്യാനികളും ദലിതുകളും സ്ത്രീകളും അടക്കമുള്ളവർ മുഴുവന്‍ ഭീഷണിയിലാണ്. എന്റെ യൂടൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത് വീഡീയോകള്‍ അപ്പീലിന് പോലും സാവകാശം നല്‍കാതെ ബന്ധപ്പെട്ടവർ നീക്കം ചെയ്തു. രാത്രിയിലെ ഭീഷണി ഫോണ്‍കോളുകള്‍ ഊഹിക്കാവുന്നതിലും അപ്പുറമാണ്. പരാതി കൊടുത്താലും പരിഹാരമില്ലാത്ത അവസ്ഥയാണ് ഉള്ളത്. ട്രോള്‍ ആര്‍മികള്‍ വിളിക്കുന്ന തെറികള്‍ പകുതിയിലധികവും ഞാനിത് വരെ കേട്ടിട്ടില്ല. മിക്കതും എന്റെ പദാവലിയില്‍ പോലുമില്ല. ഇത്തരത്തിലുള്ള ഭീതിയുടെ അന്തരീക്ഷം തീര്‍ക്കുകയെന്നതാണ് അവരുടെ തന്ത്രം. എന്നാല്‍ ഈ ഭയപ്പെടുത്താനുള്ള ശ്രമത്തിന് എന്നെ കീഴ്‌പ്പെടുത്താനാകില്ല എന്ന തീരുമാനം ഞാന്‍ സ്വയം സ്വീകരിച്ചു. എന്റെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ മിക്കതും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരാണ്. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചത് പോലെ ഇന്ന് മോദിയേയും വിമര്‍ശിക്കുന്നു. പക്ഷെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴുളള പ്രതികരണം അതിരൂക്ഷമാണ്. വ്യാജ വാര്‍ത്തകളുടെ മാധ്യമ അന്തരീക്ഷമാണ് ഇന്നുള്ളത്. ലഡാക് പ്രക്ഷോഭത്തെ ബിജെപി വ്യാജവാര്‍ത്തകളാല്‍ നിറച്ചു. പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണെന്ന് വ്യാജചിത്രം പങ്കുവെച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വ്യാജപ്രചാരണം നടത്തി. ഉടന്‍ നൂറുകണക്കിന് എക്‌സ് ഹാന്‍ഡിലുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം അഭിപ്രായ രൂപീകരണത്തിനുള്ള ഉപാധിയായി മാറി. ഞാനൊരു ചെറിയ തെറ്റ് വരുത്തിയാല്‍ പോലും അപ്പോള്‍ തന്നെ എക്‌സില്‍ നിന്ന് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ലംഘിച്ചതിന് നോട്ടീസ് ലഭിക്കുന്നു. എന്നാല്‍ ആരാണ് ഈ കമ്മ്യൂണിറ്റി? അന്ധഭക്തരാണ്!. ഐ ലൗ മുഹമ്മദ് ബാനര്‍ സമുദായ കലാപത്തിന് എങ്ങിനെ കാരണമാകുന്നു എന്ന് ഒരു മാധ്യമവും ചോദിച്ചില്ല. യോഗി ആദ്യതിനാഥ് ഞങ്ങളുടെ പോലീസ് അവരെ നന്നായി കൈകാര്യം ചെയ്യുമെന്നും ബുള്‍ഡോസര്‍ അയക്കുമെന്നും പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നു. ഇത് എന്തുകൊണ്ട് എന്ന് മാധ്യമങ്ങള്‍ ചോദിക്കുന്നില്ല. തബ്ലീഗ് ജമാഅത്തിനെതിരെയുള്ള പ്രചാരണങ്ങളും അത് പോലെയാണ്. മാധ്യമങ്ങള്‍ മന:പ്പൂര്‍വം മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദമല്ല മറിച്ച് ഹിന്ദു രാഷ്ട്രത്തോടുള്ള കൂറ് കൊണ്ടാണ് അവരത് ചെയ്യുന്നത്. മോദിയുടെ തലപ്പാവിനെ പറ്റിയുള്ള നിറം പിടിപ്പിച്ച കഥകളാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യം. തീവ്രവാദ സംഘടനയായ ആര്‍എസ്എസിനെ പുകഴ്ത്തിയുള്ള ലേഖനങ്ങള്‍ ഒട്ടുമിക്ക മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. എന്നാല്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് പുറത്ത് സത്യം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യപ്രവര്‍ത്തകര്‍ ഗ്രൗണ്ടില്‍ ഇല്ലായിരുന്നുങ്കില്‍ എങ്ങനെയാണ് ഗാസയില്‍ നടക്കുന്നത് എന്താണെന്ന് നമ്മള്‍ അറിയുക. ആ മാധ്യമപ്രവര്‍ത്തകരെ സല്യൂട്ട് ചെയ്യണം. അവരുടെ റിപ്പോര്‍ട്ടിംഗ് കാരണമാണ് നെതന്യാഹുവിന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ കൂകല്‍ കിട്ടാന്‍ കാരണമായത്. ഗസയിലെ മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ നമുക്കും ചെയ്യാന്‍ സാധിക്കും. ഭരണകൂടത്തിന്റെ തെറ്റായ ചെയ്തികളെ നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യണം. സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയില്ലാതെ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
മാധ്യങ്ങളെ തിരിച്ചുപിടിക്കല്‍ സാഹസികമാണെന്ന് സെഷനിൽ സംസാരിച്ച ദാമോദര്‍ പ്രസാദ് പറഞ്ഞു. അടിയന്തരാവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി മാധ്യമങ്ങള്‍ ഘടനാപരമായി സെന്‍സര്‍ഷിപ്പിലാണ്. സംസാരിച്ചതിന് ശേഷമല്ല, സംസാരിക്കുന്നതിന് മുമ്പ് തന്നെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണ് സിദ്ദീഖ് കാപ്പന്റെ കേസില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഷിബു മീരാന്‍ ചര്‍ച്ച പരിചയപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group