വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഇന്നുമുതല്‍ പ്രാബല്യത്തില്‍. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമായി ഉയരും. ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിലാണ് ട്രംപ് ഇന്ത്യക്കുമേല്‍ തീരുവ ചുമത്തുന്നത്.
ഇതുസംബന്ധിച്ച് യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയം തിങ്കളാഴ്ച കരടുവിജ്ഞാപനമിറക്കിയിരുന്നു. ഇന്ത്യന്‍സമയം പകല്‍ ഒന്‍പത് മണിക്കാണ് അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യന്‍ ചരക്കുകള്‍ക്ക് തീരുവ ബാധകമാകുക. റഷ്യയില്‍നിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രൈന്‍ യുദ്ധത്തിനു സഹായംചെയ്യുന്നു എന്ന് ആരോപിച്ചാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം തീരുവ പ്രഖ്യാപിച്ചത്. ഈ മാസം ഏഴിനായിരുന്നു പ്രഖ്യാപനം.