റിയാദ്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സും ഇന്ന് (തിങ്കളാഴ്ച) രാവിലെ സൗദി തലസ്ഥാനമായ റിയാദില്‍ എത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും എത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി യുഎസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയേക്കും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ഇന്ന് വൈകുന്നേരം റിയാദില്‍ എത്തുന്നുണ്ട്. ഈ മാസം അവസാനം റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് തയ്യാറെടുക്കുന്നതിനാണ് അമേരിക്കന്‍, റഷ്യന്‍ ഉദ്യോഗസ്ഥര്‍ സൗദി അറേബ്യയില്‍ കൂടിക്കാഴ്ച നടത്തുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതീക്ഷിക്കുന്ന കൂടിക്കാഴ്ചയുടെ തീയതി വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ആ ചര്‍ച്ചകളില്‍ ഉക്രേനിയന്‍ പ്രസിഡന്റ് വ്ളാദമിർ സെലെന്‍സ്‌കിയും ഉള്‍പ്പെടാമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. റഷ്യന്‍, ഉക്രേനിയന്‍ സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സംഘര്‍ഷത്തില്‍ അയവു വരുത്താന്‍ തന്റെ ഭരണകൂടം കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു, സൗദി അറേബ്യയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചര്‍ച്ചകളില്‍ ഉക്രേനിയന്‍ പ്രസിഡണ്ടിന്റെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
‘ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. റഷ്യയുമായും ഉക്രെയ്‌നുമായും സമാധാനം സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്, അതിനായി ഞങ്ങള്‍ വളരെയധികം പരിശ്രമിക്കുന്നു. ഒരിക്കലും ആരംഭിക്കാന്‍ പാടില്ലാത്ത ഒരു യുദ്ധമാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍, റഷ്യയും അമേരിക്കയും സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പുടിന്‍ ട്രംപ് ആഹ്വാനം സൂചിപ്പിക്കുന്നുവെന്ന് ക്രെംലിന്‍ പഞ്ഞു.