അങ്കോല: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിൽ നിർണായകമായ കണ്ടെത്തൽ. ഒരു ട്രക്ക് വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ വ്യക്തമാക്കി. ഷിരൂർ പുഴയിലെ തിരച്ചിലിൽ ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നാവികസേനയും പുറത്തുവിട്ടു. സോണാർ സിഗ്‌നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
അർജുനായുള്ള തിരച്ചിലിന്റെ ഒൻപതാമത്തെ ദിവസമാണിന്ന്. ഇന്നലെയാണ് കരയിൽനിന്ന് അത്യാധുനിക സംവിധാനങ്ങളുമായി തിരച്ചിൽ ഷിരൂർ പുഴയിലേക്ക് മാറ്റിയത്. ട്രക്ക് കണ്ടെത്തിയ ഭാഗത്ത് നാവിക വിദഗ്ധർ തുടർ നടപടികളിലാണിപ്പോൾ. നൂതന ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് അണ്ടർഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചതായി മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു.
സ്ഥിരീകരിച്ച ട്രക്ക് അർജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ. ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന വെളുത്ത കയറും കണ്ടെത്തിയിട്ടുണ്ട്. ഇതും അർജുന്റെ ലോറിയുടേതാകാം എന്നാണ് പലരും കരുതുന്നത്. പ്രതികൂല കാലാവസ്ഥയിലും പ്രതീക്ഷയോടെ തിരച്ചിൽ തുടരുകയാണെന്നും, എന്നാൽ ലോറി അർജുന്റേതാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group