റിയാദ്- പക്ഷാഘാതം പിടിപെട്ട് അവശനായി റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഞ്ചേശ്വരം സ്വദേശിയെ നാട്ടിലെത്തിക്കാനാവുന്നില്ല. രണ്ടുമാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഹനീഫിനെ നാട്ടിലെത്തിക്കാനാണ് സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാടും മഞ്ചേശ്വരം കെഎംസിസി പ്രവര്‍ത്തകരും വിവിധ വഴികള്‍ തേടുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സ്ട്രച്ചര്‍ ബുക്ക് ചെയ്തതായിരുന്നു. സമരം കാരണം ഇന്നത്തേക്ക് (വെള്ളി)മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയാണ് സാങ്കേതിക കാരണങ്ങളാല്‍ സ്ട്രച്ചര്‍ സാധ്യമല്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചത്. ടിക്കറ്റെടുത്തതിനാല്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പിന്നീട് റീ അഡ്മിറ്റ് ചെയ്തു. ഇന്നും റീ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. റിയാദിലെ മദീന ഹൈപര്‍മാര്‍ക്കറ്റ് മൊബൈല്‍ കൗണ്ടറില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ജോലിയായിരുന്നു ഇദ്ദേഹത്തിന്. ഇദ്ദേഹത്തെ പരിചരിക്കാന്‍ സഹോദരന്‍ മുഹമ്മദ് നാട്ടില്‍ നിന്ന് എത്തിയിട്ടുണ്ട്.
അതേസമയം മറ്റു വിമാനങ്ങളില്‍ ടിക്കറ്റിന് ശ്രമിച്ചെങ്കിലും നടന്നില്ല. വരും ദിവസങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സ്ട്രച്ചര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എയര്‍ ഇന്ത്യ റിയാദ് ഓഫീസ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. നാട്ടിലെത്തിയാല്‍ ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ ആവശ്യമുണ്ട്.