- ഡോക്ടറെ ന്യായീകരിച്ച് അസോസിയേഷൻ
കോഴിക്കോട് – കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലുവയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണ് എതിരെയാണ് കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്തത്.
ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്‌പെന്ഡ് ചെയ്തതിന് പിന്നാലെയാണ് പോലീസ് നടപടി. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷിച്ച് റിപോർട്ട് നൽകാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. വിശദമായ അന്വേഷണത്തിലൂടെ തുടർ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു.
ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിയുടെ കൈയിലെ ആറാംവിരൽ നീക്കംചെയ്യാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനാണ് ഡോക്ടർ ഓപ്പറേഷൻ നടത്തിയത്. അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ ഐ.സി.യുവിൽനിന്ന് പുറത്തെത്തിച്ചപ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിലായിരുന്നു. കൈയിലെ തുണി മാറ്റിയപ്പോൾ ആറാം വിരൽ അതുപോലെതന്നെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടർ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറയുകയും പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്യുകയുമായിരുന്നു.
അതിനിടെ, സംഭവത്തിൽ ഡോക്ടറെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) രംഗത്തെത്തി. ഡോക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി നിർഭാഗ്യകരമാണെന്ന് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ കുറ്റപ്പെടുത്തി.
വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതിപിടിച്ചു നടത്തിയ സസ്‌പെൻഷൻ നിർഭാഗ്യകരമാണ്. ഇത്തരം നടപടികൾ പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യർഹമായ സേവനം നൽകുന്ന മെഡിക്കൽ കോളേജ് അധ്യാപകരുടെ ആത്മവീര്യം തകർക്കുമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. നാലുവയസുകാരിയുടെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രതികരിക്കുകയുണ്ടായി. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നു പറഞ്ഞ് സൂപ്രണ്ട് തടിതപ്പുകയായിരുന്നു. അതേസമയം, കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആവർത്തിച്ചു വ്യക്തമാക്കി. ശാസ്ത്രക്രിയ പിഴവുമൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണമെന്നും ഇത്തരം പിഴവുകൾ ആശുപത്രയിൽ ഇനിയും ആവർത്തിച്ചുകൂടെന്നും കുടുംബം ആവശ്യപ്പെട്ടു. സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവാണ് ഗുരുതര വീഴ്ചയ്ക്കു വഴിവെച്ചതെന്നാണ് വിവരം. സംഭവം മെഡിക്കൽ കോളജിനും ഡോക്ടർ സമൂഹത്തിനും നാണക്കേടായിരിക്കുകയാണ്.