കൊൽക്കത്ത: ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിന്റെ അവസാന മണിക്കൂറുകൾക്കു തൊട്ടു മുമ്പ് പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരിലുണ്ടായ സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവിന് ദാരുണാനത്യം. മഹിഷാദലിൽ വച്ചുണ്ടായ സംഘർഷത്തിൽ ടി.എം.സിയുടെ യുവജനവിഭാഗം ജില്ലാ ഉപാധ്യക്ഷനും മുൻ ഗ്രാമപഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ ശൈഖ് മൊയ്ബുൾ(42)ആണ് കൊല്ലപ്പെട്ടത്.
ടി.എം.സിയുടെ പരാതിയിൽ സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മരണത്തിന് കാരണം ബി.ജെ.പിയാണെന്ന് ടി.എം.സി പ്രവർത്തകർ ആരോപിച്ചു.
മഹിഷാദലിലെ ബേത്കുണ്ഡു പ്രദേശത്ത് പാർട്ടി പരിപാടിയിൽ പങ്കെടുത്ത് വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വഴിയിൽ വച്ച് ബി.ജെ.പി പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയും തർക്കം സംഘർഷത്തിൽ കലാശിക്കുകയും മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ടി.എം.സി നേതാവിനെ ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാൽ, പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബി.ജെ.പിയുടെ വാദം. വോട്ടെടുപ്പ് നടക്കുന്നതിനിടെ പശ്ചിമബംഗാളിലെ വിവിധയിടങ്ങളിൽ സംഘർഷം റിപോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ റിപോർട്ട് തേടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group