ബെംഗ്ളുരു- തൃശൂര്‍, താന്ന്യം, പെരിങ്ങോട്ടുകരയിലെ പ്രമുഖ ക്ഷേത്രത്തില്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയില്‍ നിന്ന് രക്ഷ തേടിയെത്തിയ യുവതിയെ ബാധ ഒഴിപ്പിക്കാനായി എന്ന വ്യാജേന നഗ്ന ചിത്രമെടുക്കുകയും പിന്നീട് ലൈംഗിക പീഡനം നടത്തുകയും ചെയ്തെന്ന കേസില്‍ സഹപൂജാരിയെ ബെംഗ്ളുരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടി എ അരുണ്‍ എന്ന ക്ഷേത്രത്തിലെ സഹായിയെ ബെല്ലാണ്ടൂര്‍ പോലിസ് ആണ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യപൂജാരായായ ഉണ്ണി ദാമോദരന്‍ എന്നയാള്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ആരോ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ചാണ് ബംഗളൂരു സ്വദേശിനിയായ 38 കാരി പെരിങ്ങോട്ടുകരയിലെ ക്ഷേത്രത്തില്‍ എത്തിയത്. സഹപൂജാരിയായ അരുണിന്റെ അടുത്താണ് ആദ്യം യുവതി എത്തിയത്. തുടര്‍ന്ന് പൂജ നടത്തി പ്രശ്നം പരിഹരിക്കാമെന്ന് അരുണ്‍ ഉറപ്പുനല്‍കുകയായിരുന്നു. 24,000 രൂപയാണ് പൂജയ്ക്കായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ നഗ്നചിത്രങ്ങളും മറ്റും വേണമെന്നായി നിബന്ധന. ബാധ ഒഴിയണമെങ്കില്‍ ഇതെല്ലാം വേണമെന്നായിരുന്നു ആവശ്യമെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണങ്ങളും വാട്സാപ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകളും പൊലീസില്‍ ഹാജരാക്കിയിട്ടുണ്ട്. പൂജക്കെന്ന പോലെ വനത്തിലേക്ക് കൊണ്ടുപോയി കാറിലിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വീഡിയോ കോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മഠത്തിനു സമീപമുള്ള മുറിയില്‍ പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.