റാമല്ല – അധിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് പടിഞ്ഞാറുള്ള ബെയ്ത്ത് അവാ ഗ്രാമത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഫലസ്തീന്‍ വനിതകള്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. മിസൈല്‍ തകര്‍ത്തതിന്റെ ഫലമായി ലോഹ ശകലങ്ങള്‍ പതിച്ചാണ് അപകടം. ഫീല്‍ഡ് ടീമുകള്‍ മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് നീക്കിയതായി മെഡിക്കല്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
ഗ്രാമത്തിലെ ഒരു വീടിനോട് ചേർന്ന് ലേഡീസ് സലൂണായി പ്രവർത്തിച്ചിരുന്ന പോർട്ടോ കാബിന് മുകളിലേക്കാണ് മിസൈൽ അവശിഷ്ടങ്ങൾ വീണതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ആക്രമണ സമയത്ത് സലൂണിനുള്ളിൽ ഉണ്ടായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. മിസൈൽ ശകലങ്ങൾ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന്റെ ഭാഗങ്ങൾ തകരുകയും അകത്തുണ്ടായിരുന്നവർക്ക് മാരകമായി പരിക്കേൽക്കുകയുമായിരുന്നു.
മേഖലയില്‍ ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. മിസൈലുകളുടെയും ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിക്കുന്നു. സ്‌ഫോടനം നടന്ന സ്ഥലം സുരക്ഷിതമാക്കാനും നാശനഷ്ടങ്ങള്‍ വിലയിരുത്താനുമുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ പൗരന്മാര്‍ സുരക്ഷാ നടപടികള്‍ പാലിക്കേണമെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.



