നാഗ്പൂർ: താൻ പ്രധാനമന്ത്രിയാകുകയാണെങ്കിൽ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷത്തിലെ ഒരു നേതാവ് വാഗ്ദാനം നൽകിയിരുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയും ബി.ജെ.പി മുൻ അധ്യക്ഷനുമായ നിതിൻ ഗഡ്കരി. എന്നാൽ താനത് നിരസിക്കുകയാണുണ്ടായതെന്നും ആളുടെ പേര് വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.
‘ഞാൻ ഒരു സംഭവം ഓർക്കുന്നു. ആരുടെയും പേര് പറയാൻ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി എന്നോട് പറഞ്ഞു: നിങ്ങൾ പ്രധാനമന്ത്രിയാകാൻ പോകുന്നെങ്കിൽ ഞങ്ങൾ പിന്തുണയ്ക്കും.’ എന്നാൽ ‘നിങ്ങൾ എന്തിന് എന്നെ പിന്തുണയ്ക്കണം? ഞാൻ എന്തിന് നിങ്ങളുടെ പിന്തുണ സ്വീകരിക്കണമെന്ന’് താൻ തിരികെ ചോദിച്ചതായും കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
പ്രധാനമന്ത്രിയാകുക എന്നത് എന്റെ ലക്ഷ്യമല്ല. ഞാൻ എന്റെ ആശയത്തോടും എന്റെ സംഘടനയോടും വിശ്വാസ്യത പുലർത്തുന്നവനാണ്. ഒരു പദവിക്കും വേണ്ടി ഞാനെന്റെ ആശയങ്ങളെ ബലി കഴിക്കാൻ പോകുന്നില്ല. കാരണം ആ ആശയമാണ് പ്രധാനമെന്നും അദ്ദേഹം നാഗ്പൂരിലെ മാധ്യമ പുരസ്‌കാര ചടങ്ങിൽ ഓർമിപ്പിച്ചു.
ഗഡ്കരി ഇന്ത്യ മുന്നണിയിലെത്തിയാൽ പ്രധാനമന്ത്രിയാക്കാമെന്ന് മഹാരാഷ്ട്രയിലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് വിനായക് റാവത്ത് മുമ്പ് പ്രതികരിച്ചിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിയായ ഗഡ്കരി ഇപ്പോൾ വെളിപ്പെടുത്തിയത് അത് തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ എന്നതിൽ വ്യക്തതയില്ല.