അങ്കോള: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജു(30)ന്റെ ട്രക്ക് ഗംഗാവലിപ്പുഴയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ജി.പി.എസ് വിവരങ്ങളും പുറത്ത്.
അർജുന്റെ ലോറിയുടെ ജി.പി.എസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില പ്രചാരണങ്ങൾ തെറ്റാണെന്ന് സ്ഥലം എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. അപകടമുണ്ടായ 16ന് രാവിലെ 8.40-നാണ് ലോറിയുടെ ജി.പി.എസ് അവസാനമായി ലഭിച്ചതെന്നും അന്ന് പുലർച്ചെ 3.47-നാണ് അവസാനമായി ലോറിയുടെ എഞ്ചിൻ ഓണായതെന്നും ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപോർട്ട് നല്കിയതായി സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ വ്യക്തമാക്കി. അർജുനെ കാണാതായ ശേഷവും അർജുൻ സഞ്ചരിച്ച ലോറി ഓണായെന്ന് ചില യൂട്യൂബ് ചാനലുകളിൽ പ്രചാരണമുണ്ടായിരുന്നു.
പ്രതികൂല കാലാവസ്ഥ കാരണം ഇന്നത്തെ രക്ഷാദൗത്യം വൈകീട്ടോടെ നിർത്തിയിരിക്കുകയാണ്. സ്ഥലത്ത് കനത്ത കാറ്റും പേമാരിയും തുടരുന്നതാണ് രക്ഷാപ്രവർത്തനങ്ങൾക്ക് വില്ലനായത്. തുടർന്ന് നാവിക സേനയുടെ പ്രത്യേക സംഘം പുഴയിൽനിന്ന് തിരിച്ചുകയറുകയായിരുന്നു.
പുഴ ഉഗ്രരൂപിയായി പ്രത്യക്ഷപ്പെട്ടതോടെ, കലങ്ങിമറിഞ്ഞ് അടിത്തട്ടിൽ പോലും കനത്ത കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് മൂന്ന് ബോട്ടുകളിലായി ഇറങ്ങിയ ആദ്യ സംഘത്തിലെ 18 പേർ ജീവൻ പണയപ്പെടുത്തിയുള്ള അതിസാഹസികത ഉപേക്ഷിക്കുകയായിരുന്നു.
എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാകുന്ന രീതിയിലുളള മണ്ണുളള വലിയ മലകളുളള പ്രദേശത്താണ് അപകടമെന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. എങ്കിലും നാളെ നിർണായകമായ ലക്ഷ്യത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.
കര-നാവിക സേനകൾ, ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിരക്ഷാസേന, പോലീസ് അടക്കമുള്ള എല്ലാവിധ സംവിധാനങ്ങളും ഏകോപിച്ചുള്ള രക്ഷാദൗത്യമാണ് ജനപ്രതിനിധികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വളരെ ജാഗ്രതയോടെ നടക്കുന്നത്.
കരയിൽ നിന്ന് 20 മീറ്റർ അകലെ നദിയിൽ 15 മീറ്റർ താഴെയയാണ് തിരിച്ചിലിന്റെ ഒൻപതാം ദിനത്തിൽ ട്രക്കുണ്ടെന്ന് സ്ഥിരീകരിക്കാനായത്. ബൂം എസ്‌കവേറ്റർ ഉപയോഗിച്ച് ട്രക്കും അതിനു മുമ്പേ അർജുനെയും പുറത്തെത്തിക്കുകയാണ് രക്ഷാസേനാംഗങ്ങളുടെ പ്രഥമ ദൗത്യം.
പുഴക്കടിയിൽ ട്രക്ക് സ്ഥിരീകരിച്ചെങ്കിലും അതിന്റെ ക്യാബിനിൽ അർജുനുണ്ടാവുമോ എന്ന ചോദ്യത്തിൽ, പ്രതീക്ഷ വിടാതെ, ജീവന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടാവണേ എന്ന പ്രാർത്ഥനയിലാണ് ജനങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group