സാസറാം– ആർഎസ്എസും ബിജെപിയും ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ഇപ്പോൾ നടത്തുന്നത് ഭരണഘടനയെ രക്ഷിക്കാനുള്ള യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ‘വോട്ടർ അധികാർ യാത്ര’യ്ക്ക് തുടക്കമിട്ട് സാസറാമിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ‘വോട്ടുകൊള്ള’യും ബിഹാർ വോട്ടർ പട്ടികയിലെ വെട്ടിനിരത്തലും ഉയർത്തിക്കാട്ടിയാണ് ‘വോട്ടർ അധികാർ യാത്ര’. തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കള്ളവോട്ടുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് രേഖകൾ പരിശോധിച്ചപ്പോൾ ഒരു നിയമസഭാ മണ്ഡലത്തിൽ നടന്നത് ഒരു ലക്ഷം കള്ളവോട്ടാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബിഹാറിലും അതിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഈ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടത്താൻ അവരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരുടെ കയ്യിലുള്ളത് വോട്ടുമാത്രമാണ്. അത് തട്ടിയെടുക്കാൻ സമ്മതിക്കില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
16 ദിവസം നീണ്ടുനിൽക്കുന്ന രാഹുൽ ഗാന്ധിയുടെ യാത്രയിൽ 24 ജില്ലകളും 60 നിയമസഭ മണ്ഡലങ്ങളും പിന്നിടും.1300 കിലോമീറ്റർ ദൂരമാണു സഞ്ചരിക്കുന്നത്.