പാലക്കാട്: കർക്കിടക കുളിയ്ക്കായി തോട്ടിലേക്കു പോയ വൃദ്ധയ്ക്ക് ഒഴുക്കിൽപ്പെട്ട് പത്തുണിക്കൂറിനുശേഷം സാഹസിക രക്ഷപ്പെടൽ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതി(79)യാണ് ഒഴുക്കിൽനിന്ന് മനക്കരുത്തു കൊണ്ട് അത്ഭുതകരമായി രക്ഷപ്പെട്ടത്.
തോട്ടിലേക്ക് കുളിയ്ക്കാനായി പോയപ്പോൾ എതിരേ നായ വന്നെന്നും അതിനെ ഓടിക്കാൻ ശ്രമിച്ചതോടെ കാൽവഴുതി തോട്ടിലേക്ക് വീണ് ഒഴുക്കിൽ പെടുകയായിരുന്നുവെന്നും ചന്ദ്രമതി പറഞ്ഞു. തുടർന്ന് പത്തുണിക്കൂറോളം മരക്കൊമ്പിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ചെറുപ്പം മുതലേ നീന്തലറിയാമായിരുന്നു. കുറേ നേരം മരക്കൊമ്പിൽ തൂങ്ങി നിന്നു. മരത്തിൽ തൂങ്ങിപ്പിടിച്ചപ്പോൾ വീട്ടിലേക്ക് പോകാൻ കഴിയില്ലെന്ന് കരുതി. നാലുമണിയോടെ നാട്ടുകാർ തിരഞ്ഞെത്തുകയായിരുന്നു. അവരെ കണ്ടപ്പോൾ സന്തോഷമായെന്നും രക്ഷപ്പെട്ടതിൽ നന്ദിയുണ്ടെന്നും ദൈവത്തെ സ്തുതിക്കുന്നുവെന്നും ചന്ദ്രമതി വിറയലോടെ പറഞ്ഞു.
കർക്കിടക മാസാരംഭമായതിനാൽ മുങ്ങിക്കുളിക്കാനായി ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. കരകവിഞ്ഞൊഴുകിയ തോട്ടിൽനിന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വൈകുന്നേരം നാലോടെയാണ് നാട്ടുകാർ ചന്ദ്രമതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group