കൊല്ലം– തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ മൃതദേഹം ഒരു നോക്ക് കണ്ട് അമ്മ. മകന്‍റെ മരണവിവരമറിഞ്ഞ് വിദേശത്തുനിന്ന് വീട്ടിലെത്തിയ അമ്മ സുജ മിഥുന്‍റെ മൃതദേഹം കണ്ട് നിയന്ത്രണംവിട്ട് പൊട്ടിക്കരയുകയായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതിനു ശേഷമാണ് സുജ കുവൈത്തില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേയ്ക്ക് എത്തിച്ചു. സ്കൂളിലും വീട്ടിലുമായി നിരവധി പേരാണ് മിഥുനെ ഒരുനോക്ക് കാണാന്‍ കാത്തുനിന്നത്. വൈകീട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിലാണ് മിഥുന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
കുവൈത്തില്‍ വീട്ടുജോലിക്കായി മൂന്നു മാസം മുമ്പാണ് അമ്മ സുജ പോയത്. മിഥുന് അപകടം സംഭവിക്കുന്ന സമയത്ത് ജോലിചെയ്യുന്ന വീട്ടുകാരുമൊത്ത് സുജ തുര്‍ക്കിയിലായിരുന്നു. മകന്റെ മരണ വിവരം സുജ അറിയുന്നത് വ്യാഴാഴ്ച രാത്രിയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കുകയായിരുന്നു.