കൊച്ചി – കേരളത്തിൽനിന്ന് ആളുകളെ വിദേശത്തേക്ക് കടത്തി വൃക്ക കച്ചവട മാഫിയക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന ആൾ പിടിയിൽ. തൃശൂർ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. അന്താരാഷ്ട്ര അവയവ മാഫിയയുടെ ഭാഗമാണ് ഇയാളെന്നാണ് പോലീസ് കരുതുന്നത്.
അവയവക്കടത്ത് നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസ് റിപോർട്ട് പ്രകാരമാണ് ഇയാളെ പിടികൂടിയതെന്ന് അറിയുന്നു. കൂടുതൽ ആളുകൾക്ക് ഈ മാഫിയസംഘവുമായി ബന്ധമുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിക്കുന്ന വിവരം.
ആളുകളെ കള്ളം പറഞ്ഞും മറ്റും വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടമാണ് സംഘത്തിന്റെ രീതി. ഇരകൾക്ക് തുച്ഛമായ പണം നല്കിയ ശേഷം മാഫിയകളിൽനിന്നും വൻ തുക ഈടാക്കി വൃക്ക വിൽക്കുകയാണ് ഇവർ ചെയ്യുന്നത്. നിരവധി പേരെ ഇയാൾ വിദേശത്തേക്കു കടത്തിയതായും പറയുന്നു. ആദ്യം നെടുമ്പാശ്ശേരിയിൽനിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണ ഉദ്യോഗസ്ഥർ. വരുംദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് ഈ അന്വേഷണം എത്തുമെന്ന വിവരമാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group