വാരണാസി – പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയിലെ തെരഞ്ഞെടുപ്പ് അനുഭവം പറഞ്ഞ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. രണ്ടുമൂന്നു ദിവസം പ്രധാനമന്ത്രിക്കായുള്ള പ്രചാരണത്തിലായിരുന്നു. അവിടുത്തെ ചുവരെഴുത്തു തന്നെ (ഹർ ദിൽമേ മോഡി ഹേ) എല്ലാവരുടെയും ഹൃദയത്തിൽ മോഡിയാണ് എന്നാണ്. സത്യവുമാണത്.
വെള്ളിയാഴ്ച വാരണാസിയിലെ ഒരു പള്ളിയിലാണ് ഞാൻ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്തത്. അപ്പോൾ അവിടത്തെ ഇമാം എന്നോടായി പറഞ്ഞു: ‘ഹജ്ജ് കമ്മിറ്റി ചെയർമാനല്ലേ, വേണമെങ്കിൽ ഖുതുബക്ക് മുമ്പ് അബ്ദുല്ലക്കുട്ടി രണ്ട് മിനിറ്റ് സംസാരിച്ചോളൂ എന്ന്.’
തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് ചേരാത്തതിനാൽ ഞാൻ ആ അവസരം നിരസിക്കുകയായിരുന്നു. യഥാർത്ഥത്തിൽ വാരണാസിയിലും യു.പിയിലാകെയും മുസ്‌ലിംകൾക്കിടയിലും വലിയ മാറ്റമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരുപാട് മുസ്‌ലിം സ്ത്രീകൾ ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. മോഡിയുടെ സ്വപ്‌നം പോലെ തന്നെ നാനൂറിലേറെ സീറ്റുകൾ ലഭിക്കണമെന്നാണ് ആഗ്രഹം. വാദത്തിന് വേണ്ടി തരംഗം ഇല്ലെന്ന് പറഞ്ഞാലും മൂന്നാമൂഴം മോഡിക്ക് ഉറപ്പാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ ഉമ്മ വച്ച് പ്രധാനമന്ത്രിയായ ആളാണ് മോഡി. ഭരണഘടനയെ മുൻനിർത്തി തന്നെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നത്. മോഡിയുടെ പല വാക്കുകളും തെറ്റായി വ്യാഖ്യാനിക്കുകയാണ്. അദ്ദേഹം മുസ്‌ലിംകൾക്ക് എതിരല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവാണ്. ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന നിലയ്ക്ക് മൂന്നുവർഷത്തെ തന്റെ അനുഭവം ഇതാണ് സാക്ഷ്യപ്പെടുത്തുന്നതെന്നും അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group