- എം.എൽ.എ ബോർഡ് അഴിച്ചുമാറ്റി പോലീസ് അകമ്പടിയോടെ കൊച്ചിയിലെത്തിയ നടൻ മുകേഷ് അഭിഭാഷകനുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തി
കൊച്ചി: ലൈംഗികാരോപണ കേസിലെ പ്രതി നടൻ എം മുകേഷ് എം.എൽ.എ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് നിന്ന് എം.എൽ.എ ബോർഡ് അഴിച്ചുമാറ്റി പോലീസ് അകമ്പടിയോടെയാണ് നടൻ കൊച്ചിയിലെത്തി ഒന്നര മണിക്കൂറോളം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയത്.
ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരായ തെളിവുകൾ കൈമാറിയതായാണ് വിവരം. നടി പണം ആവശ്യപ്പെട്ടത് ഉൾപ്പടെയുള്ള ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട നിർണായക രേഖകളാണ് തന്നെ ഏൽപ്പിച്ചതെന്ന് അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു.
മുകേഷ് കൈമാറിയ രേഖകൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ലൈംഗിക പീഡനം നടന്നിട്ടില്ല, ആരോപണം മാത്രമാണ്. അന്വേഷണം സത്യസന്ധമായി നടക്കട്ടെയെന്നും മുകേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അഡ്വ. ജിയോ പോൾ പ്രതികരിച്ചു.
സെപ്തംബർ മൂന്നു വരെയാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞത്. അതിനിടെ, മുകേഷിന്റെ കേസ് പരിഗണിച്ച ജഡ്ജിക്കു സി.പി.എം ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച കേസിൽ സുപ്രധാന തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചതിൽ ആരോപണ വിധേയയാണെന്നും ചൂണ്ടിക്കാട്ടി കോടതി മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അനിൽ അക്കരയാണ് ഇത്തരമൊരു വിഷയം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചത്.