കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് ഒളിവിലുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് നിസാർ അഹമ്മദ് തള്ളുകയായിരുന്നു.
കോടതി നടപടികൾ തുടങ്ങിയ ഉടനെ ഒറ്റവരിയിൽ ജാമ്യാപേക്ഷ തള്ളുകയാണെന്നാണ് ജഡ്ജി വായിച്ചത്. വിധിപ്പകർപ്പ് ലഭിച്ചിട്ടില്ലെന്നും അത് ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്ന് കുടുംബത്തിനും പ്രോസിക്യൂഷനുമായി വാദിച്ച അഭിഭാഷകരും പ്രതിക്കായി ഹാജറായ വക്കീലും പ്രതികരിച്ചു.
അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യിലിന് ഹാജറാകാതെ ഒളിവിൽ പോയ ദിവ്യയെ ഇതുവരെയും പിടികൂടാൻ പോലീസിനാവാത്തത് വൻ വിമർശങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. പോലീസിന് മുമ്പാകെ കീഴടങ്ങാൻ സി.പി.എം നിർദേശിച്ചതായി സൂചനകളുണ്ടായിരുന്നെങ്കിലും മുൻകൂർ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദിവ്യയുടെ അഭിഭാഷകൻ. ഇനി പ്രതി പോലീസിന് മുമ്പാകെ ഹാജറായി കീഴടങ്ങുമോ അതോ ഹൈക്കോടതിയെ സമീപിക്കുമോ എന്നതും അധികം വൈകാതെ അറിയാനാകും.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നവീൻ ബാബു ജീവിതത്തോട് വിട പറഞ്ഞത്. കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ദിവ്യയെ ജില്ലാ പഞ്ചായത്ത് സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും അന്വേഷണ സംഘത്തോട് സഹകരിപ്പിക്കാനോ പോലീസിന് മുമ്പാകെ ഹാജറാക്കാനോ സി.പി.എമ്മിന് സാധിച്ചിരുന്നില്ല. ഇനിയും ഒളിപ്പിക്കൽ നാടകം തുടരുമോ എന്നാണ് രാഷ്ട്രീയ കേരളം കാതോർക്കുന്നത്.