തെഹ്‌റാൻ – ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും സംഘവും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭ യോഗം. തുടർ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തീരുമാനം ഈ അടിയന്തര യോഗത്തിലുണ്ടാവും.
മുഹമ്മദ് മുഖ്ബാർ പ്രസിഡന്റിന്റെ ചുമതല വഹിക്കുമെന്നും രണ്ടുമാസത്തിനകം രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നുമാണ് റിപോർട്ടുകൾ. ഇറാൻ-അസർബൈജാൻ സംയുക്ത സംരംഭമായ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് വിദേശകാര്യമന്ത്രി ഉൾപ്പെടെ മുതിർന്ന നേതാക്കൾക്കൊപ്പം ഇറാനിലെ തബ്രീസിലേക്ക് മടങ്ങിയ മൂന്ന് ഹെലികോപ്ടറുകളിൽ റഈസിയും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടറാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്കുണ്ടായ അപകടത്തെ തുടർന്നുള്ള വ്യാപകമായ തിരിച്ചിലിൽ ഇന്ന് രാവിലെയോടെയാണ് ഹെലിക്കോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായത്. തുടർന്നാണ് റഈസി സഞ്ചരിച്ച ഹെലിക്കോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി രക്ഷാസംഘം സ്ഥിരീകരിച്ചത്.
പ്രസിഡന്റ് ഇബ്രാഹിം റഈസി(63)യുടെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാ(60)ന്റെയും മരണവാർത്ത ഇറാൻ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹ്‌സെൻ മൻസൂരിയാണ് സ്ഥിരീകരിച്ചത്. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധിയായ ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരടക്കമുള്ളവർ കൊല്ലപ്പെട്ടുവെന്നും ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതായും ഇറാൻ അധികൃതർ വെളിപ്പെടുത്തി.
അപകടവാർത്ത വന്നതോടെ പ്രാർത്ഥനയിലായിരുന്ന ജനങ്ങളോട്, രാജ്യത്തിന്റെ ഭരണകാര്യങ്ങൾ ഒരു തരത്തിലും തടസ്സപ്പെടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈ പറഞ്ഞിരുന്നു.