ജയ്പൂർ: കുഞ്ഞിന് പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് പത്തുമാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊന്നു. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം.
രാത്രി എല്ലാവരും ഉറങ്ങുന്നതിനിടെ ബദുണ്ട സ്വദേശിയായ ജിതേന്ദ്ര ബെർവ എന്ന പിതാവ് ഭാര്യയ്ക്കരികിൽനിന്നും കുഞ്ഞിനെ എടുത്തു കൊണ്ടുപോയി നിലത്തടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ ഉടനെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.
ഒരു വർഷത്തോളമായി ഇയാൾ ഭാര്യാവീട്ടിലാണ് താമസം. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന് ഇയാൾ വിശ്വസിച്ചിരുന്നുവത്രെ. ഇതേ തുടർന്ന് കുറേക്കാലമായി ഇയാൾ ഒരു മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നുവെന്നും പറയുന്നു. തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ പിശാച് ബാധിച്ചെന്ന വിശ്വാസമാണ് അടിച്ചു കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. പ്രതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.