ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിങ് പൂളൊരുക്കി യാത്ര ചെയ്ത യുട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. വെള്ളം നിറച്ച കാറിൽ അപകടരമായ രീതിയിൽ യാത്ര ചെയ്തതിനാണ് നടപടി. സഞ്ജു ടെക്കിയുടെ വാഹനം പിടിച്ചെടുത്ത എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി.
സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയുള്ള യാത്രാദൃശ്യങ്ങൾ ചിത്രീകരിച്ച് പൊതുസമൂഹത്തിന്റെ കൈയടി നേടാനായി സഞ്ജു തന്നെ യൂട്യൂബിൽ അപ്ലോഡ് ചെയ്തതാണ് വിനയായത്. വാഹനത്തിൽ കുളിക്കുകയും പിന്നീട് വെള്ളം റോഡിലേക്ക് ഒഴുക്കിവിടുകയുമായിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ രമണൻ പ്രതികരിച്ചു.
കാറിന്റെ പിൻഭാഗത്തെ പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് സഞ്ജു ടെക്കി അവിടെ പൂൾ ഒരുക്കിയത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ പൂളുണ്ടാക്കിയത്. ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്.
നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിക്കുന്നതും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദ്ദം കൊണ്ട് കാറിന്റെ എയർ ബാഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയുമുണ്ടായി.
യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group