കോഴിക്കോട് – കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിഭാഗത്തിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ നടത്തേണ്ട അവയവം മാറി ചെയ്തുവെന്നാണ് പരാതി. കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ പെൺകുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാലു വയസുകാരിക്കാണീ ദുരനുഭവം.
സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പ് പറഞ്ഞതായി കുടുംബം പ്രതികരിച്ചു. ശേഷം മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരൽ നീക്കം ചെയ്തതായും പറഞ്ഞു. ശസ്ത്രക്രിയ പൂർത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് കുട്ടിയെ വാർഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായിൽ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാർക്ക് ഗുരുതരമായ പിഴവ് മനസ്സിലായത്. ഒപ്പം കൈയിലെ തുണി മാറ്റി നോക്കിയപ്പോൾ ആറാം വിരൽ അതുപോലെ തന്നെയുണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.
കൈ വിരലിനാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോൾ വളരെ നിസ്സാരമായി ചിരിച്ചാണ് നഴ്‌സിന്റെ പ്രതികരണമുണ്ടായതെന്നും വീട്ടുകാർ ആരോപിച്ചു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ആശുപത്രി അധികൃതരിൽ നിന്ന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകൾ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത ലഭിച്ചിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി.
എന്നാൽ, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും രണ്ട് ശസ്ത്രക്രിയയും ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷിക്കും. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.