- ഇ.കെ നായനാരുടെ പത്‌നി ശാരദ ടീച്ചർ അമ്മയാണെങ്കിൽ അതിന് മുമ്പേ കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി
തൃശൂർ: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന മുൻ കോൺഗ്രസ് നേതാവുമായിരുന്ന യശ്ശശരീരനായ കെ കരുണാകരന്റെയും പത്‌നി കല്യാണിക്കുട്ടി അമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ഗുരുത്വം നിർവഹിക്കാനായാണ് എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരുപാട് സന്തോഷം ഈശ്വരാനുഗ്രഹമായി പതിച്ചുകൊണ്ടിരിക്കുന്ന നിമിഷമാണിത്. ലീഡർ കെ കരുണാകരന്റെയും സഹധർമ്മിണി, അമ്മയെന്ന് ഞാൻ വിളിക്കുന്ന കല്യാണിക്കുട്ടിയമ്മയെയും യാത്രയയക്കാൻ സാധിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ പിതാവായ കെ കരുണാകരനോട് എന്റെ തലമുറയിലെ ധീരനായ ഭരണകർത്താവ് എന്ന നിലയിൽ ആരാധനയും ബഹുമാനവുമുണ്ട്. മാനസപുത്രനെന്നാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്. ആ വാക്കിനോടുള്ള മര്യാദയാണ് എന്റെ സന്ദർശത്തിന് പിന്നിൽ. വ്യക്തി നിർവഹണത്തിന് രാഷ്ട്രീയമാനം കാണേണ്ട ആവശ്യമില്ല. ഇ.കെ നായനാരുടെ പത്‌നി ശാരദ ടീച്ചർ അമ്മയാണെങ്കിൽ അതിന് മുമ്പേ കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. ആ സ്‌നേഹം ഞാൻ നിർവഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
2019ൽ തൃശൂരിൽ താൻ സ്ഥാനാർത്ഥിയായപ്പോൾ പത്മജയോട് സ്മൃതികുടീരം സന്ദർശിക്കുന്നതിനെ പറ്റി ചോദിച്ചിരുന്നു. എന്നാൽ, വ്യക്തമായ രാഷ്ട്രീയ ദിശാബോധം അന്ന് പദ്മജയ്ക്ക് ഉണ്ടായിരുന്നതിനാൽ അത് പാടില്ലെന്നും തെറ്റാണെന്നുമാണ് എന്നോട് പറഞ്ഞത്. തന്റെ പാർട്ടി പ്രവർത്തകരോട് എന്തു പറയുമെന്ന അവരുടെ ചോദ്യത്തെ മാനിക്കുകയാണ് ഞാൻ ചെയ്തത്. പക്ഷേ, ഇന്ന് രാജ്യം സമ്മാനിച്ച ഒരു പദവിയിലിരുന്ന് കൊണ്ട് എന്റെ രാഷ്ട്രീയ ഗുരുക്കന്മാരെ കാണാൻ എത്തിയതാണ്. സന്ദർശനത്തെ മലിനപ്പെടുത്തരുതെന്നും അത് കുടുംബത്തിന്റെയും പാർട്ടി അണികളുടെയും വികാരത്തെ ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മുന്നോട്ടുള്ള പ്രവർത്തനത്തിന് ഈ ആത്മാക്കളുടെ പ്രാർത്ഥന ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്ത്തി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ആ ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കെ റെയിൽ വേണ്ടെന്നും അത് ജനദ്രോഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വികസനത്തിൽ പ്രാദേശികവാദം അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പത്മജ വേണുഗോപാലും പാർട്ടി പ്രവർത്തകരും ചേർന്നാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.