ന്യൂഡൽഹി: മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് മുൻ എം.എൽ.എയുമായ കെ.എം ഷാജി പണം ചോദിച്ചുവെന്ന് ഒരു മൊഴിയെങ്കിലും കാണിക്കാമോയെന്ന് സുപ്രീം കോടതി. കെ.എം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കി സുപ്രീം കോടതി ചോദിച്ചു.
കെ.എം ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ഒറ്റ മൊഴി പോലുമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് ചോദിച്ച കോടതി, 54 സാക്ഷിമൊഴികൾ പരിശോധിച്ചിട്ടും കണ്ടെത്താനായില്ലെന്നും ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഓരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും പറഞ്ഞു.
2014-ൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാൻ എം.എൽ.എ ആയിരിക്കുമ്പോൾ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020-ലാണ് വിജിലൻസ് കേസെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയും കേസെടുത്തത്. എന്നാൽ, 2022 ജൂൺ 19ന് കേസിൽ കെ.എം ഷാജിയെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇ.ഡിയും സംസ്ഥാന സർക്കാറും സുപ്രീംകോടതിയെ സമിപിച്ചത്.
ലീഗിൽ ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തർക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയർന്നത്. എന്നാൽ, ഇത് 2017-ൽ സി പി എം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ കേസും തുടർ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.