ദുബൈ – ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവർത്തനമെന്ന് സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയർമാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വളരാൻ വേണ്ടി സുപ്രഭാതം നടത്തുന്ന മത്സരത്തിൽ ചിലർക്ക് അസൂയ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം ഗൾഫ് എഡിഷൻ ലോഞ്ചിൽ പ്രസംഗിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
സ്വന്തം പത്രം തുടങ്ങാനുണ്ടായ സാഹചര്യത്തെ എപ്പോഴും വാടക വീട്ടിൽ കഴിയാനാകില്ലല്ലോ എന്ന് വിശേഷിപ്പിച്ചാണ് ജിഫ്രി തങ്ങൾ പ്രസംഗം തുടങ്ങിയത്. രാജ്യത്തിന്റെ നന്മയും പാരമ്പര്യവും ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് സുപ്രഭാതം നടത്തുന്നതെന്നും അതാണ് സുപ്രഭാതത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തക്കാർ അല്ലാത്തവരും രാഷ്ട്രീയക്കാരും സുപ്രഭാതം വായിക്കുന്നു. ഇത് സുപ്രഭാതത്തിന്റെ നിഷ്പക്ഷ നിലപാടിനുള്ള അംഗീകാരമാണ്. പ്രവാസി സമൂഹവും സുപ്രഭാതത്തെ നെഞ്ചേറ്റി. മാധ്യമ മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമ മേഖലയിൽ കടുത്ത മത്സരമാണുള്ളത്. ഇതിൽ വിജയിക്കുമ്പോഴാണ് സുപ്രഭാതത്തിനെതിരേയുള്ള അപവാദം പ്രചരിപ്പിക്കുന്നതെന്നും ഗൾഫ് സുപ്രഭാതം യു.എ.ഇ എഡിഷൻ ഉദ്ഘാടന ചടങ്ങിൽ ജിഫ്രി തങ്ങൾ വ്യക്തമാക്കി.
ഗൾഫ് സുപ്രഭാതം പ്രത്യേക പതിപ്പ് സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശനം ചെയ്തു. ഗൾഫ് സുപ്രഭാതം ചെയർമാൻ സൈനുൽ ആബിദ് സഫാരി അധ്യക്ഷനായി.
സുപ്രഭാതം പത്താം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള എട്ടാം എഡിഷൻ ദുബൈ അൽബറാഹയിലെ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വ്യവസായ പ്രമുഖൻ പത്മശ്രീ ഡോ. എം.എ യൂസഫലി ഓൺലൈനിൽ സന്ദേശം നൽകി. ദുബൈ മീഡിയ പ്രിന്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ സി.ഇ.ഒ ഫൈസൽ അബ്ദുല്ലയും സന്ദേശം നൽകി.
ദുബൈയിലെ ഇന്ത്യയുടെ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യപ്രഭാഷണം നടത്തി. ഗൾഫ് സുപ്രഭാതം ഇ പേപ്പർ ലോഞ്ചിങ് കേരള പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എം.പി, സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി, സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, ജംഇയ്യത്തുൽ മുഅല്ലിമീൻ പരീക്ഷാ ബോർഡ് സംസ്ഥാന ചെയർമാൻ കുടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, സുപ്രഭാതം മാനേജിങ് ഡയരക്ടർ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, ഗൾഫ് സുപ്രഭാതം ജനറൽ കൺവീനർ സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, റസിഡന്റ് എഡിറ്റർ സത്താർ പന്തലൂർ, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ പ്രസിഡന്റ് ശുഐബ് തങ്ങൾ, പ്രവാസി സംഘടനാ പ്രതിനിധികളായ എസ്.എം ജാബിർ, ഷിജു ബഷീർ, ഗൾഫ് സുപ്രഭാതം വൈസ് ചെയർമാൻ ജലീൽ ഹാജി ഒറ്റപ്പാലം, കെ.എസ് അലി തങ്ങൾ കുമ്പോൽ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group