റിയാദ് – തലസ്ഥാന നഗരിയിലെ റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങളില്‍ വീഴ്ചയോ കാലതാമസമോ വരുത്തിയ എല്ലാവര്‍ക്കുമെതിരെ, അവര്‍ ആരു തന്നെയായാലും ശക്തമായ നടപടികള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശം നല്‍കിയതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി വ്യക്തമാക്കി.
ഭക്ഷ്യവിഷബാധയുടെ സാഹചര്യങ്ങള്‍, അതിന്റെ കാരണങ്ങള്‍, അതിന് ഉത്തരവാദികള്‍ എന്നിവ വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സംഭവത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിച്ച ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും അതോറിറ്റികളോടും കമ്മിറ്റികളോടും ഭരണാധികാരികള്‍ ആവശ്യപ്പെട്ടിരുന്നു.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഏതാനും സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ ലാബ് പരിശോധനാ ഫലങ്ങളും ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ പരിചരണങ്ങളെ കുറിച്ച റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.
എപ്പിഡെമിയോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടിക്രമങ്ങളുടെ ആദ്യ മണിക്കൂറുകളില്‍, റിയാദ് നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് മാത്രമാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സ്ഥിരീകരിച്ചു. ഇതിനു ശേഷം പ്രാദേശിക ലബോറട്ടറികളിലും ഗവേഷണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകളിലൂടെയും ഭക്ഷ്യവിഷബാധയില്‍ പ്രത്യേക പരിചയമുള്ള അന്താരാഷ്ട്ര ലബോറട്ടറികളുമായി സഹകരിച്ചും വിഷബാധയുടെ തരവും അതിന്റെ കാരണവും കൃത്യമായി നിര്‍ണയിക്കാനുള്ള ശ്രമം തുടര്‍ന്നു.
ഇതിലൂടെ ഭക്ഷ്യവിഷബാധയുടെ ഉറവിടം അനുബന്ധ ഭക്ഷ്യഅഡിറ്റീവുകളില്‍ ഒന്നാണെന്ന് കൃത്യമായി എത്തിച്ചേര്‍ന്നു. ഇതിന്റെ ഉറവിടം ഉടനടി തിരിച്ചറിയുകയും രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും വിപണികളില്‍ നിന്നും ഭക്ഷ്യസ്ഥാപനങ്ങളില്‍ നിന്നും ഇത് പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തു.
സുരക്ഷയിലോ പൊതുജനാരോഗ്യത്തിലോ അശ്രദ്ധയോ വീഴ്ചയോ അലംഭാവമോ കാണിച്ചതായി സ്ഥിരീകരിക്കുന്നവര്‍ക്കും വിഷബാധയുടെ കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണ നടപടികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ച് മനഃപൂര്‍വം എന്തെങ്കിലും പ്രവര്‍ത്തിക്കുകയും ചെയ്ത ആരോടും കണക്കു ചോദിക്കാതെ ഈ സംഭവം കടന്നുപോകില്ല.
തെളിവുകള്‍ മറച്ചുവെക്കാനോ നശിപ്പിക്കാനോ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, പൊതുജനസുരക്ഷയും ആരോഗ്യവും ശ്രദ്ധിക്കാതെ ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുന്ന നിരീക്ഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വ്യക്തിഗത നേട്ടങ്ങള്‍ക്ക് ശ്രമിച്ച് ഒത്തുകളിച്ചിട്ടുണ്ടാകാമെന്നും അതോറിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി പറഞ്ഞു.