‘ഓപ്പറേഷന്‍ സിന്ദൂറി’ ന്റെ പശ്ചാത്തലത്തില്‍
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ നിരവധി പട്ടാളക്കാരുടെ കഥ, ഇന്ന് ആരും ഓര്‍ക്കുന്നുണ്ടാവില്ല. അവരില്‍ രാജ്യത്തിന് മറക്കാനാവാത്ത രണ്ടു പേരെക്കുറിച്ച്, അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഒരു പുനര്‍വായനക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നു.
കോളമിസ്റ്റ്, നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനായ കെ.എ അബ്ബാസിന്റെ വാക്കുകള്‍ കേള്‍ക്കുക: ധീര രക്തസാക്ഷി ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍, ‘നൗഷേരയിലെ സിംഹ’ മാണ്. പാക് സൈനിക മേധാവി സ്ഥാനമെന്ന ഓഫര്‍ പുല്ല് പോലെ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ അതിര്‍ത്തി കാത്ത രാജ്യസ്‌നേഹി – അതായിരുന്നു മുഹമ്മദ് ഉസ്മാന്‍.
പാകിസ്ഥാന്‍ സകല പ്രലോഭനങ്ങളും നല്‍കി മുഹമ്മദ് ഉസ്മാനെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ വാഗ്ദാനങ്ങളും ആ യുവഭടന്‍ നിരസിച്ചു. ആദ്യ ഇന്ത്യ- പാക് യുദ്ധത്തിനിടെ (1947-48) ജമ്മു കശ്മീരിലെ നൗഷേരയിലെ യുദ്ധക്കളത്തിലാണ് വെറും മുപ്പത്താറ് വയസ്സുള്ള മുഹമ്മദ് ഉസ്മാന്‍ വീരചരമം പ്രാപിച്ചത്. ശത്രുവ്യൂഹത്തിലേക്ക് ഇരച്ചുകയറി ഇന്ത്യന്‍ പതാക നാട്ടിയ പാരച്യൂട്ട് ബ്രിഗേഡിനെ നയിച്ച ഈ ദേശാഭിമാനി അടര്‍ക്കളത്തില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് നിലംപതിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയായ മുഹമ്മദ് ഉസ്മാനെ രാജ്യം പിന്നീട് പരമവീരചക്ര ബഹുമതി നല്‍കി ആദരിച്ചു. ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യന്‍ കരസേനാ മേധാവിയായി അദ്ദേഹം ഉയര്‍ത്തപ്പെടുമായിരുന്നുവെന്ന് പല പ്രതിരോധവിദഗ്ധരും പിന്നീട് വിലയിരുത്തി.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 2019 ജനുവരി 16 ന് ഇന്ത്യന്‍ ആര്‍മി ഡേ ആഘോഷത്തിന്റെ ഭാഗമായി ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന് ആദരാഞ്ജലി അര്‍പ്പിച്ചു. ആ ചടങ്ങിന്റെ ശീര്‍ഷകം ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന് ആദരാഞ്ജലി എന്നായിരുന്നു. ചടങ്ങില്‍ നേരിട്ട് പങ്കെടുത്തവരും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കെടുത്ത റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥരും ജിദ്ദയിലെ അന്നത്തെ ഇന്ത്യന്‍ കരസേനാ ദിനം അക്ഷരാര്‍ഥത്തില്‍ സമ്പുഷ്ടമാക്കി.
പാകിസ്ഥാന്റെ ആറു പാറ്റണ്‍ടാങ്കുകള്‍ തകര്‍ത്ത ഹവില്‍ദാര്‍ അബ്ദുല്‍ഹമീദിന്റെ കഥ
1962 ലെ ഇന്ത്യ- ചൈനാ യുദ്ധത്തില്‍ ആദ്യമായി യുദ്ധമുഖത്തെത്തുകയും തന്റെ ബറ്റാലിയനെ നയിച്ച് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്കെതിരെ പോരാടുകയും ചെയ്ത ഹവില്‍ദാര്‍ അബ്ദുല്‍ഹമീദ് എന്ന ധീരസൈനികന്റെ ഓര്‍മയുണരുന്ന പഴയ പോസ്റ്റിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പിന്നെയും മൂന്നു വര്‍ഷം കഴിഞ്ഞ് സംഭവിച്ച ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്ഥാന്റെ അരഡസന്‍ പാറ്റണ്‍ ടാങ്കുകള്‍ തകര്‍ക്കുകയും അവസാനം ശത്രുസൈന്യത്തിന്റെ ആക്രമണത്തില്‍ വീരചരമമടയുകയും ചെയ്ത ഹവില്‍ദാര്‍ അബ്ദുല്‍ഹമീദ്….
ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്ഥാന്റെ ആറു പാറ്റണ്‍ടാങ്കുകള്‍ തകര്‍ത്ത് യുദ്ധമുഖത്ത് വീരചരമമടഞ്ഞ ഇന്ത്യന്‍ ദേശക്കൂറിന്റെ ഇതിഹാസ നായകന്‍. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയായി.
ഹവില്‍ദാര്‍ അബ്ദുല്‍ഹമീദിന്റെ കഥ ആദ്യം എന്നെ കേള്‍പ്പിച്ച് ആവേശം കൊള്ളിച്ചത് ഇന്ത്യന്‍ വ്യോമസേനയില്‍ ജോലി ചെയ്തിരുന്ന അമ്മാവനാണ്. അന്നേ അബ്ദുല്‍ഹമീദ് എന്ന പേര് എന്റെ മനസ്സില്‍ കയറിക്കൂടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജിദ്ദയില്‍ വെച്ച് യാദൃച്ഛികമായി ഹവില്‍ദാര്‍ അബ്ദുല്‍ഹമീദിന്റെ വിധവ റസൂലാന്‍ബീവിയെ പരിചയപ്പെടാനും അവരെപ്പറ്റി മലയാളം ന്യൂസില്‍ ഒരു സ്റ്റോറി ചെയ്യാനും അവസരം ലഭിച്ചു. 2002 -ലാണെന്ന് തോന്നുന്നു, ഹവില്‍ദാര്‍ അബ്ദുല്‍ഹമീദിന്റെ വിധവ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ വന്നത്. എന്തോ ചെറിയ അസുഖത്തെത്തുടര്‍ന്ന് ജിദ്ദയിലെ അല്‍റയാന്‍ ഹോസ്പിറ്റലില്‍ എത്തിയ അവര്‍ ആരാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ വഴി തിരിച്ചറിഞ്ഞ ഹോസ്പിറ്റല്‍ മാനേജറും സുഹൃത്തുമായ ടി.പി. ശുഐബ് എന്നെ ഇക്കാര്യം അറിയിച്ചത് കൊണ്ടാണ് അവരെ പോയി കാണാനും അവരുടെ അനുഭവം എഴുതാനും സാധിച്ചത്.
പാകിസ്ഥാന്‍ ആക്രമണകാരികളുമായുള്ള പോരാട്ടത്തില്‍ അനിതരസാധാരണമായ ധീരതയും രാജ്യസ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ട് പൊരുതി വീരചരമമടഞ്ഞ ആ ധീരനെ രാഷ്ട്രം എന്നോ മറന്നുകളഞ്ഞു. മരണാനന്തര ബഹുമതിയായിട്ടാണ് ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന് പരമവീരചക്രം നല്‍കിയത്.
സ്വന്തം സുരക്ഷിതത്വം അഗണിച്ചുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ പാകിസ്ഥാന്റെ കവചിതവാഹനങ്ങളുടെ ആക്രമണത്തെ അദ്ദേഹം നേരിട്ടു. റീകോയില്‍ലസ്സ് തോക്കുകള്‍ കൊണ്ട് അദ്ദേഹം ശത്രുവിന്റെ രണ്ട് ടാങ്കുകള്‍ നശിപ്പിക്കുകയും മറ്റൊരെണ്ണത്തിന് കേട് വരുത്തുകയും ചെയ്തു. ആ പോരാട്ടത്തില്‍ ധീരനായ ആ നോണ്‍കമ്മിഷന്റ് ഓഫീസര്‍ക്ക് ശത്രുവിന്റെ ടാങ്കില്‍ നിന്നുള്ള വെടിയേല്‍ക്കുകയും വീരചരമമടയുകയും ചെയ്തു. പാക് ടാങ്കുകള്‍ നശിപ്പിച്ചശേഷം ശത്രുക്കളുടെ വെടിയേറ്റ് ജീവന്‍ വെടിഞ്ഞ അദ്ദേഹം അവസാനമായി ഉച്ചരിച്ച വാക്ക് ‘മുന്നേറുക’ എന്ന ആജ്ഞയായിരുന്നു. യുദ്ധരംഗത്ത് അദ്ദേഹം കാട്ടിയ അതിമഹത്തായ ധീരതയാണ് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
ഡിവിഷന്റെ ദൗത്യം. 1965 ല്‍ നടന്ന ഇന്ത്യപാക് യുദ്ധത്തിലെ ഏറ്റവും ധീരമായ ആ ഏടിനെപ്പറ്റി ‘സ്റ്റേറ്റ്‌സ്മാന്‍’ പത്രത്തിന്റെ ലേഖകന്‍ ഇന്ദര്‍മല്‍ഹോത്ര അയച്ച റിപ്പോര്‍ട്ടില്‍ ഹമീദിന്റെ ധീരോദാത്തമായ പോരാട്ടത്തെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു: ഇന്ത്യന്‍ കമ്പനിക്ക് അഭിമുഖമായി നാല് പാറ്റണ്‍ടാങ്കുകള്‍ വരുന്നത് അയാള്‍ കണ്ടു. അയാള്‍ തന്റെ ജീപ്പ്‌പോടിച്ചുകൊണ്ടുപോയി ഒരു കുന്നിന്റെ മറവില്‍ സ്ഥാനമുറപ്പിച്ചശേഷം ടാങ്കുകളുടെ നേരെ തുരുതുരാ വെടിവച്ചു. തൊട്ടടുത്തുനിന്നുള്ള വെടിവയ്പില്‍ ആദ്യത്തെ ടാങ്കിന് തീപിടിച്ചു. കുഴപ്പമെന്തെന്ന് കണ്ടുപിടിക്കാന്‍ പരിശ്രമിച്ച രണ്ടാമത്തെ ടാങ്കും തകര്‍ന്നുവീണു. നാലാമത്തെ ടാങ്കിന്റെ വെടിയേറ്റ് നിലത്ത് വീഴുന്നതിന് മുമ്പ് ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ് മൂന്നാമത്തെ ടാങ്കും പ്രവര്‍ത്തനരഹിതമാക്കി.

ഇന്ത്യന്‍ ഭടന്‍മാരുടെയും ഓഫീസര്‍മാരുടെയും മികച്ച മനോവീര്യത്തെയും ഉയര്‍ന്ന യാഥാര്‍ത്ഥ്യബോധത്തെയുമാണ് ഈ ആക്രമണം കാണിക്കുന്നതെന്ന് മല്‍ഹോത്ര പ്രശംസിച്ചു. അബ്ദുല്‍ ഹമീദിന്റെ ഈ പ്രകടനം പാകിസ്ഥാന് മാത്രമല്ല, സാമ്രാജ്യത്വശക്തികളുടെയും മുഖത്തേറ്റ അടിയായിരുന്നു.
സേബര്‍ജെറ്റുകളും പാറ്റണ്‍ടാങ്കുകളും ഗൈഡഡ് മിസെയിലുകളുമുള്‍പ്പെടെ അത്യാധുനിക സകലസംഹാരായുധങ്ങളും നല്‍കി പാകിസ്ഥാനെ അണിയറയില്‍ നിന്ന് യുദ്ധത്തിനയച്ചത് ബ്രിട്ടണും യുഎസ്എയും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികളായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി വില്‍സണും അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍സണും പാകിസ്ഥാനെന്ന മുട്ടാളനെ യുദ്ധത്തിനയച്ചത് ഇന്ത്യ എന്ന ‘മുള്ള്’ ഇല്ലാതാക്കാനായിരുന്നു. പക്ഷേ യുദ്ധം തുടങ്ങിയപ്പോഴാണ് കാറ്റ് പ്രതികൂലമാണെന്ന് അവര്‍ക്ക് മനസ്സിലായത്. പാറ്റണ്‍ടാങ്കുകള്‍ ഹമീദുമാരുടെ കൈകൊണ്ട് പൊടിയുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. സേബര്‍ജെറ്റുകള്‍ മൂക്കുകുത്തി നിലംപതിച്ചു. പണ്ടെങ്ങോ ബ്രിട്ടണ്‍ ഇന്ത്യയില്‍ ഇട്ടെറിഞ്ഞുപോയ തുരുമ്പിച്ച തോക്കുകളും ട്രാക്ടര്‍ ടാങ്കുകളും മാത്രമേ ഇന്ത്യയുടെ കൈവശമുണ്ടാകൂ എന്നാണ് അവര്‍ ധരിച്ചത്.
ഈച്ചയെ വെടിവയ്ക്കുന്ന സൂക്ഷ്മതയോടെ നമ്മുടെ സൈനികര്‍ സേബര്‍ജെറ്റുകളെ നിലത്തിറക്കിയതും പാറ്റണ്‍ടാങ്കുകളുടെ സ്‌പെയര്‍പാര്‍ട്ടുകള്‍ കൊണ്ട് പഞ്ചാബിലെ കുട്ടികള്‍ കളിക്കുന്നതും അവര്‍ക്ക് കാണേണ്ടിവന്നു. ഈ യുദ്ധത്തില്‍ സാമ്രാജ്യത്വശക്തികളോടൊപ്പം ചൈന പാകിസ്ഥാന് പിന്തുണ നല്‍കിയതും ഇന്ത്യയെ സഹായിക്കാന്‍ സോവിയറ്റ് യൂണിയന്‍ മുന്നോട്ടുവന്നതും ചരിത്രം.
ഉത്തര്‍പ്രദേശിലെ ധാംപൂര്‍ ഗ്രാമമാണ് ധീരനായ അബ്ദുല്‍ ഹമീദിന് ജന്‍മമേകിയത്. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ 92 വയസ്സാകുമായിരുന്നു. ജന്‍മനാട്ടില്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ ഒരു ചെറു പ്രതിമ ഒഴിച്ചാല്‍ ആ വീരസ്മരണ ഉണര്‍ത്താന്‍ കഴിയും വിധം ഇത്രയും വര്‍ഷത്തിനിടയില്‍ ഒന്നും ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഒരിക്കലും മാപ്പര്‍ഹിക്കാത്ത അനാദരവാണിത്. രാജ്യാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തില്‍ വീരചരമം പ്രാപിച്ച ഇന്ത്യയുടെ കാവല്‍ഭടന്‍മാര്‍ക്ക് ബിഗ് സല്യൂട്ട്…