ന്യൂഡൽഹി: ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലുള്ള സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് യെച്ചൂരിയെ പ്രവേശിപ്പിച്ചത്. നാല് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ആരോഗ്യ നില ഗുരുതരമായതിനാൽ പ്രത്യേക ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ച് വരികയാണെന്നും പാർട്ടി വാർത്താകുറിപ്പിൽ അറിയിച്ചു.
ആഗസ്ത് 20നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. മുൻ രാജ്യസഭാംഗം കൂടിയായ യെച്ചൂരി മതനിരപേക്ഷ ഇന്ത്യയുടെ കരുത്തുറ്റ പോരാളിയാണ്. പാർല്ലമെന്റിനകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകൾക്കു പലപ്പോഴും കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൈയടി ലഭിച്ചിരുന്നു. ആരുടെ മുന്നിലും കൃത്യവും കണിശവുമായി കാര്യങ്ങൾ തന്മയത്വത്തോട് കൂടി അവതരിപ്പിക്കുന്ന യെച്ചൂരി ഇന്ത്യാ മുന്നണിയുടെ കരുത്തുറ്റ നേതാക്കളിൽ ഒരാൾ കൂടിയാണ്.