ന്യൂഡല്‍ഹി– രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ താന്‍ ചെയ്ത തെറ്റെന്ത് എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് ‘ദ വയര്‍’ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍. ”ജീവപര്യന്തം തടവിന് ശിക്ഷിക്കാവുന്ന തരം ഗുരുതരമായ കുറ്റകൃത്യമാണ് ആരോപിക്കപ്പെടുന്നത്. എന്തിനാണ് കേസ് ചാര്‍ജ് ചെയ്തതെന്ന് അറിയുന്നില്ല. ഇത്തരമൊരു കേസ് ചാര്‍ജ് ചെയ്യാനുണ്ടായ സാഹചര്യം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.” – സിദ്ധാര്‍ത്ഥ് വരദരാജന്‍ വ്യക്തമാക്കി. മീഡിയ വണ്‍ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരെ അസം പൊലീസാണ് രാജ്യദ്രോഹക്കുറ്റത്തിന് സമന്‍സ് അയച്ചത്. ഗുവാഹത്തിയിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ആഗസ്റ്റ് 22-ന് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാജരാകാത്തപക്ഷം അറസ്റ്റ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
‘ദി വയര്‍’ വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഗുവാഹത്തി ക്രൈം ബ്രാഞ്ച് പൊലീസ് ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകള്‍ 35(3), 152, 196, 197 എന്നിവ ചേര്‍ത്ത് വരദരാജനും ഥാപ്പറിനും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, എഫ്.ഐ.ആറിന്റെ പകര്‍പ്പില്‍ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലെന്ന് ‘ദി വയര്‍’ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ വ്യക്തമാക്കി. ഈ മാസം 14-ന് ‘ദി വയര്‍’ ഓഫിസില്‍ ആദ്യ സമന്‍സ് ലഭിച്ചു, തുടര്‍ന്ന് 18-ന് കരണ്‍ ഥാപ്പറിന്റെ പേര് ചേര്‍ത്ത് മറ്റൊരു സമന്‍സും ലഭിച്ചു.
‘ദി വയറി’ല്‍ ജൂണ്‍ 28-ന് പ്രസിദ്ധീകരിച്ച ‘രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പാകിസ്താനില്‍ നഷ്ടമായി: ഇന്ത്യന്‍ പ്രതിരോധ അറ്റാഷെ’ എന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ ജൂലൈ 11-ന് മൊറിഗോണ്‍ പൊലീസ് സ്റ്റേഷനില്‍ വരദരാജനെതിരെ മറ്റൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.