കാസർകോട്: എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ്. ഐ ചികിത്സയ്ക്കിടെ മരിച്ചു. ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐയും രാജപുരം കോളിച്ചാൽ സ്വദേശിയുമായ വിജയൻ (52) ശനിയാഴ്ച സന്ധ്യയോടെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ മരിച്ചത്.
മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ നില ഗുരുതരമായതിനെ തുടർന്നു രണ്ടുദിവസം മുമ്പാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററിൽ ആയിരുന്ന എസ്. ഐ ഇന്നലെ മരിച്ചു.സംഭവത്തെ തുടർന്ന് കാസർകോട് നിന്ന് പുറപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ആശുപത്രിയിലെത്തി. മദ്യത്തിൽ എലിവിഷം കൂടുതൽ അളവിൽ കഴിച്ചതാണ് നില ഗുരുതരമാക്കിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകത്തിനെതിരെ എടുത്ത കേസിൽ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് എസ്. ഐ വിഷം കഴിച്ചതെന്നാണ് ആരോപണം. വോട്ടെടുപ്പ് ദിവസം ബേഡഡുടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ധന്യയെ പിറകിലൂടെ എത്തി അപമാനിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സമാനമായ രണ്ട് കേസുകളിലും അന്വേഷണ ചുമതല നൽകിയത് എസ്. ഐ വിജയന് ആയിരുന്നു.
കേസിൽ ഉടൻ അറസ്റ്റ് വേണമെന്ന് സമ്മർദ്ദം ശക്തമാക്കിയത് എസ്. ഐ ക്ക് താങ്ങാൻ കഴിഞ്ഞില്ലെന്ന് പറയുന്നു.എന്നാൽ പരാതി വ്യാജമായിരുന്നു അറസ്റ്റ് ചെയ്യാൻ തക്ക മെറിറ്റ് കേസിൽ ഇല്ലെന്നുമാണ് പൊലീസ് റിപ്പോർട്ട്.
ഇതിനുശേഷം എസ്. ഐ വിജയൻ മാനസിക സമ്മർദ്ദത്തിലായിരുന്നു. ജീവനൊടുക്കാൻ മാത്രം മറ്റു പ്രശ്നങ്ങൾ ഒന്നും എസ് ഐക്ക് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
സംഭവത്തിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി പി എമ്മും കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സ്ഥലത്ത് പ്രതിഷേധ യോഗം നടത്തിയിരുന്നു.
കോളിച്ചാലിലെ കുട്ടിനായ്കിന്റെയും അക്കാച്ചു ഭായുടെയും മകനാണ്. ശ്രീജയാണ് ഭാര്യ. മക്കൾ: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാർത്ഥികൾ), സഹോദരങ്ങൾ: പരേതനായ ജനാർദ്ദനൻ,ബാലാമണി (കുടുംബൂർ), നാരായണി(അടൂർ).