- തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിന്റെ ക്രെഡിറ്റ് നടൻ സുരേഷ് ഗോപിക്കല്ല, പിണറായി വിജയനാണ്. ഇ.പി ജയരാജനില്ലാത്ത സംരക്ഷണം അജിത്ത്കുമാറിന് ലഭിക്കുന്നത് എന്തുകൊണ്ടാണെന്നും ഷാഫി പറമ്പിൽ
ന്യൂഡൽഹി: ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് വീമ്പുപറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെയും സുജിത്ത് ദാസിനെയും പോലുള്ള ക്രിമിനൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് നേതാവും വടകര എം.പിയുമായ ഷാഫി പറമ്പിൽ ആരോപിച്ചു. മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടിയാണെന്നും അതിനു കാരണം സ്വർണവും സംഘപരിവാറുമാണെന്നത് ഓരോ വെളിപ്പെടുത്തലും വ്യക്തമാക്കുന്നതായും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
മറയ്ക്കാൻ ഒരുപാട് ഉള്ളതുകൊണ്ടും അരമന രഹസ്യങ്ങൾ അറിയാവുന്ന ആളുകൾ ആയതുകൊണ്ടുമാണ് ഇത്ര ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നത്. തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിന്റെ ക്രെഡിറ്റ് നടൻ സുരേഷ് ഗോപിക്കല്ല, പിണറായി വിജയനാണെന്നും ഷാഫി പറഞ്ഞു. ഇ.പി ജയരാജന് നൽകാത്ത സംരക്ഷണം അജിത് കുമാറിന് നൽകുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ഷാഫി പോലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും വിമർശിച്ചു.
പി.ആർ ഏജൻസികളുടെ സഹായത്തോടെ 916 മുഖ്യമന്ത്രിയായിട്ട് അവതരിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയനിപ്പോൾ മുക്കുപണ്ടമായി മാറുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഇതുവരെയും കേരളത്തിലെ ഒരു ഭരണാധികാരിയും നേരിട്ട തരത്തിലുള്ള ആരോപണമല്ല ഉയർന്നുവന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സ്വർണ്ണ കള്ളക്കടത്ത് നടത്തിയിട്ട് പിടിക്കപ്പെടുമ്പോൾ പാഴ്‌സൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി റിലേറ്റഡ് ആണെന്നും അത് തുറന്നു നോക്കരുതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നിർദേശം പോവുകയാണ്. അത് തുറന്നു നോക്കാൻ പാടില്ലെന്ന നിർദേശം ആരാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൊടുത്തത്? ഒരു ഭരണകക്ഷി എം.എൽ.എയുമായിട്ടുള്ള ഫോൺ സംഭാഷണത്തിൽ പോലീസ് ഉദ്യോഗസ്ഥരെയും എ.ഡി.ജി.പിയെയും അവരുടെ കുടുംബത്തെയും പറ്റി മോശമായി സംസാരിച്ചയാളെ ഹെഡ് ക്വാട്ടേഴ്‌സിൽ കൊണ്ടുപോയി ഇരുത്തി സംരക്ഷിക്കാനാണ് മുഖ്യന്റെ ശ്രമം. ബി.ജെ.പിക്കുവേണ്ടി കുളം കലക്കിക്കൊടുക്കുന്ന പരിപാടി കേരളത്തിന്റെ മുഖ്യമന്ത്രി കൂടി അറിഞ്ഞ് പോലീസ് നടപ്പാക്കി കൊടുത്തതാണെന്നും തൃശൂർ പൂരം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.